ശബരി മല സ്വർണകൊള്ളയിൽ പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കുന്ന യു.ഡി.എഫ് എം.പിമാർ

‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായ് മാറ്റിയേ..’; പാർലമെന്റ് കവാടത്തിൽ പാട്ടുപാടി എം.പിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: ശബരി മല സ്വർണകൊള്ളക്കെതിരായ പ്രതിഷേധം രാജ്യ തലസ്ഥാനത്തുമെത്തിച്ച് യു.ഡി.എഫ് എം.പിമാർ. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചരണ വേദികളിൽ നാടെങ്ങും ട്രെൻഡായി മാറിയ ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായ് മാറ്റിയേ...’ എന്ന ആക്ഷേപ ഹാസ്യ ഗാനവുമായാണ് പ്രതിഷേധം ഡൽഹിയിലെത്തിച്ചത്. പാർലമെന്റ് ഹൗസിന് മുന്നിൽ നിരന്നു നിന്നായിരുന്നു പാട്ടിപാടിയത്.

പ്രവാസി മലയാളി എഴുതി, മലപ്പുറം സ്വദേശി പാടി ഹിറ്റായ ശബരിമല കൊള്ളയുടെ രാഷ്ട്രീയം പറയുന്ന ഗാനം ഡീൻ കുര്യാകോസ് എം.പി ചൊല്ലികൊടുത്തപ്പോൾ, കൊടിക്കുന്നിൽ സുരേഷ്, അടുർ പ്രകാശ്, ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, ആന്റോ ആന്റണി, വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ജെബി മേത്തർ ഉൾപ്പെടെ എം.പിമാർ ഏറ്റുചൊല്ലി.

Full View

ശബരി മല സ്വർണകൊള്ളക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം, സ്വർണകൊള്ളയിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്നും പാർലമെന്റ് കവാടത്തിൽ യു.ഡി.എഫ് എം.പിമാർ ആവശ്യപ്പെട്ടു. പാർലമെന്റിനുള്ളിലും അന്വേഷണം ആവശ്യപ്പെട്ട് എം.പിമാർ രംഗത്തെത്തും.

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നാല് കോർപറേഷനുകളും ഏഴ് ജില്ലാപഞ്ചായത്തും ഉൾപ്പെടെ യു.ഡി.എഫ് ചരിത്ര വിജയം നേടിയതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ട്രെൻഡായ പാരഡി പാട്ടുമായി പ്രതിപക്ഷ എം.പിമാർ പാർലമെന്റിലുമെത്തിയത്. ശബരിമല സ്വർണ കൊള്ള ദേശീയ തലത്തിൽ കൂടി ചർച്ചയിലെത്തിച്ച്, കേരളത്തിലെ ഭരണ പക്ഷത്തെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - UDF MPs protest by singing at the entrance of Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.