മമത ബാനർജിയും സംഘവും തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത്
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘം തിങ്കളാഴ്ച ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിൽ കണ്ടു. വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട (എസ്.ഐ.ആർ) നടപടിക്രമങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടാക്കാണിക്കാനായാണ് കൂടിക്കാഴ്ച നടന്നത്. കേന്ദ്ര സർക്കാറിന്റെയും തെരഞ്ഞെടുപ്പ് കമീഷന്റെയും നടപടികളിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് മമതയും സംഘവും തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലെത്തിയത്.
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽനിന്ന് ലക്ഷക്കണക്കിന് വോട്ടർമാരെ നിയമവിരുദ്ധമായി ഒഴിവാക്കുന്നുവെന്ന് മമത ബാനർജി ആരോപിച്ചു. എസ്.ഐ.ആർ പ്രക്രിയയുടെ പേരിൽ തൃണമൂൽ അനുകൂലികളായ വോട്ടർമാരെ വേട്ടയാടുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാക്കൾക്ക് പുറമെ എസ്.ഐ.ആർ നടപടികളിൽ വോട്ട് അവകാശം നഷ്ടപ്പെട്ടതും നടപടികൾ നേരിട്ടതുമായ സാധാരണക്കാരെയും മമത തന്നോടൊപ്പം ഡൽഹിയിലേക്ക് കൂട്ടിയിരുന്നു. പരാതികൾക്ക് വ്യക്തമായ തെളിവുണ്ടെന്ന് കാണിക്കാനാണ് ഈ നീക്കം.
ബി.ജെ.പിക്ക് അനുകൂലമായ രീതിയിൽ വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്നും, ജനാധിപത്യപരമായ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും മമത ബാനർജി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സുതാര്യമായ രീതിയിൽ വോട്ടർ പട്ടിക പുനഃപരിശോധിക്കണമെന്നും ടി.എം.സി പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.