എ.ഐ കുറിപ്പടിയെഴുതി; പ്രതിരോധ മരുന്ന് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: എ.ഐയുടെ നിര്‍ദേശ പ്രകാരം എച്ച്.ഐ.വി പ്രതിരോധ മരുന്നുകൾ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. ന്യൂഡല്‍ഹിയിലെ 45കാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെയാണ് യുവാവ് പ്രതിരോധ മരുന്ന് കഴിച്ചതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.\

എച്ച്.ഐ.വി ബാധിച്ച ശേഷമാണ് ജീവന് പോലും ഭീഷണിയാകാന്‍ സാധ്യതയുള്ള മരുന്ന് ഇയാള്‍ കഴിച്ചത്. മരുന്ന് കഴിച്ചതിന് പിന്നാലെ യുവാവിന് സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം (ചർമരോഗം) എന്ന ഗുരുതരമായ അസുഖം ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു.

എച്ച്.ഐ.വി പ്രതിരോധ ചികിത്സ രീതിയാണ് പ്രീ-എക്സ്പോഷർ പ്രോഫിലാക്സിസ്. എച്ച്.ഐ.വി നെഗറ്റീവ് ആയവരും എച്ച്.ഐ.വി ബാധിതരാകാനുള്ള സാധ്യത കൂടുതലുള്ളവരുമായ ആളുകൾക്ക് നല്‍കുന്ന ചികിത്സാ രീതിയാണിത്. എന്നാൽ ഇവ എച്ച്.ഐ.വി അണുബാധക്കുള്ള ചികിത്സ രീതിയല്ല.

ഇത്തരം മരുന്നുകൾ ഡോക്ടര്‍മാരുടെ കൃത്യമായ മേല്‍നോട്ടത്തില്‍ കഴിക്കുകയാണെങ്കില്‍ അണുബാധയുടെ സാധ്യത കുറക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രീ-എക്സ്പോഷർ പ്രോഫിലാക്സിസും മറ്റ് ആന്റി റിട്രോവൈറൽ ചികിത്സകളും കൃത്യമായ നിരീക്ഷണങ്ങള്‍ ആവശ്യമുള്ളവയാണ്. കാരണം ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ പാർശ്വഫലങ്ങൾക്കും സങ്കീർണതകൾക്കും കാരണമാകും.

നിർദേശിച്ച പ്രകാരം കൃത്യമായ അളവില്‍ കഴിക്കുമ്പോൾ ലൈംഗിക ബന്ധത്തിലൂടെ എച്ച്.ഐ.വി പിടിപെടാനുള്ള സാധ്യത ഏകദേശം 99 ശതമാനം കുറക്കാനും മയക്കുമരുന്ന് കുത്തിവെപ്പിലൂടെ എച്ച്.ഐ.വി പിടിപെടാനുള്ള സാധ്യത 74 ശതമാന​ത്തോളം കുറക്കാൻ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എച്ച്.ഐ.വി ബാധിതരായ പങ്കാളികള്‍ ഉള്ളവര്‍, മയക്കുമരുന്ന് ഉപയോഗത്തിനായി സൂചികള്‍ പങ്കിട്ടവര്‍ തുടങ്ങിയവര്‍ക്കാണ് ഇത്തരം മരുന്നുകൾ ശിപാർശ ചെയ്യുന്നത്.

അതേസമയം ഡോക്ടര്‍മാരെ സമീപിക്കാതെ രോഗ നിര്‍ണയത്തിനും ചികിത്സാ ഉപദേശങ്ങള്‍ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആശ്രയിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പൊതുവായ ആരോഗ്യ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കിലും എ.ഐ ചാറ്റ്ബോട്ടുകള്‍ വ്യക്തികളുടെ ക്ലിനിക്കല്‍ രേഖകളോ മറ്റ് രോഗ പശ്ചാത്തലമോ പരിശോധിക്കുന്നില്ല. അതുകൊണ്ട് തന്നെ എ.ഐ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tags:    
News Summary - Delhi Man Critical After AI Advice: Risks Of HIV Drug Misuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.