ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചക്കിടെ, മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പുകൾ ലോക്സഭയിൽ വായിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തുടർന്ന് രാഹുലിനെ ചോദ്യം ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ളവർ രംഗത്തുവന്നു. ഇതോടെ സഭയിൽ ബഹളമായി. പുസ്തകത്തിന്റെ ടൈപ്പ്സ്ക്രിപ്റ്റിൽ നിന്നുള്ള ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു മാസിക ലേഖനം രാഹുൽ ഗാന്ധി ഉദ്ധരിക്കാൻ ശ്രമിച്ചതാണ് വിവാദമായത്. പ്രസിദ്ധീകരിക്കാത്ത സാധനങ്ങൾ സഭയിൽ വായിക്കുന്നത് ചട്ടവിരുദ്ധമാണ് എന്ന് പറഞ്ഞാണ് രാജ്നാഥ് സിങ് ഇടപെട്ടത്.
കാരവാൻ മാഗസിനിൽ അച്ചടിച്ച നരിവനയുടെ ഓർമക്കുറിപ്പിലെ ഭാഗമാണ് രാഹുൽ സഭയിൽ ഉദ്ധരിച്ചത്. ദോക്‍ലാം വിഷയവും ലഡാക്കിൽ ചൈന ഭൂമി കൈയേറിയെന്നുമുള്ള ആരോപണങ്ങളുമായിരുന്ന രാഹുൽ പരാമർശിച്ചത്. തുടർന്ന് ഈ ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചതാണോ എന്ന് രാജ്നാഥ് സിങ് ചോദിച്ചു. ഓർമക്കുറിപ്പിലെ ഏതാനും വരികൾ മാത്രമേ വായിക്കുന്നുള്ളൂവെന്ന് രാഹുൽ മറുപടി നൽകി. രാജ്നാഥ് സിങ്ങിന് പിന്നാലെ രാഹുലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തുവന്നു. ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കാര്യങ്ങൾ മാത്രം സഭയിൽ വായിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. അതോടെ പ്രതിപക്ഷ എം.പിമാർ ബഹളം തുടങ്ങി. രാഹുലിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ളവർ ആവശ്യപ്പെട്ടു.
അതേസമയം, താൻ പറഞ്ഞകാര്യങ്ങൾ നൂറുശതമാനം സത്യമാണെന്നും നരവനെയുടെ ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ സർക്കാർ അനുവദിച്ചില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തെ അനുകൂലിച്ച് സ്പീക്കർ ഓം ബിർലയും രംഗത്തുവന്നു. ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച് പത്രക്കട്ടിങ്ങുകളും പുസ്തകങ്ങളും മറ്റ് അംഗീകാരമില്ലാത്ത കാര്യങ്ങളും സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. പരാമർശം ഒഴിവാക്കി രാഹുലിന് രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് മാത്രം സംസാരം തുടരാമെന്നും സ്പീക്കർ പറഞ്ഞു. അതിനിടെ സഭ വൈകീട്ട് മൂന്നുമണിവരെ നിർത്തിവെക്കുകയും ചെയ്തു.
കോൺഗ്രസിന് ദേശസ്നേഹമില്ല എന്ന ബി.ജെ.പിയുടെ ആരോപണത്തെ പ്രതിരോധിക്കാനാണ് രാഹുൽ ദോക്‍ലാമിലെ ചൈനീസ് ടാങ്കുൾ എന്ന വാചകം സഭയിൽ പരാമർശിച്ചത്. പ്രധാനമന്ത്രി സഭയിൽ ഉണ്ടായിരുന്നുവെങ്കിലും എല്ലാം നിശ്ശബ്ദം വീക്ഷിക്കുക മാത്രമാണ് ചെയ്തത്. രാജ്നാഥ് സിങ്ങിനെ കുറിച്ചും ഓർമക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്ന് രാഹുൽ എടുത്തുപറഞ്ഞു.
മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന ജീവചരിത്ര പുസ്തകം പ്രസിദ്ധീകരിക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകാതിരുന്നത്. പുസ്തകത്തിലെ ചില അധ്യായങ്ങളോട് പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പുണ്ടെന്നും അത് അവലോകനം ചെയ്ത് വിലയിരുത്തിയ ശേഷമേ അനുമതി നൽകുകയുള്ളൂവെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, പുസ്തകത്തിന്റെ ആമുഖത്തിന്റെ ഒരു ഭാഗം വൈറലായിരുന്നു. അഗ്നിവീർ പദ്ധതിയെക്കുറിച്ച് ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചക്ക് കാരണമായിരുന്നു. 2020 ൽ ഗൽവാൻ മേഖലയിൽ ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ ആക്രമിച്ച സംഭവം നരവനെ കരസേനാ മേധാവിയായിരുന്നപ്പോഴാണ് സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.