ദീപക് കുമാർ, രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മുസ്‍ലിം കടയുടമയെ ഭീഷണിപ്പെടുത്താനെത്തിയ ബജ്റങ്ദൾ പ്രവർത്തകരെ ധീരതയോടെ നേരിട്ട് ഹീറോ ആയ ദീപക് കുമാറിനെ അഭിനന്ദിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനുവരി അവസാന വാരം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി ദീപകിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഹൃദ്യമായ അഭിനന്ദനം നേർന്നത്.
ദീപകിനെ രാജ്യത്തിന്റെ ഹീറോയെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, വെറുപ്പിന്റെ അങ്ങാടിയിലെ സ്നേഹത്തിന്റെ കടയുടെ ജീവിക്കുന്ന പ്രതീകമാണ് അദ്ദേഹമെന്നും രാഹുൽ ‘എക്സ്’ സന്ദേശത്തിൽ കുറിച്ചു.
‘ബി.ജെ.പിയും സംഘപരിവാറും ദിവസവും ചവിട്ടിമെതിക്കാൻ ഗൂഢാലോചന നടത്തുന്ന രാജ്യത്തിന്റെ ഭരണഘടനക്കും, മനുഷ്യത്വത്തിനും വേണ്ടിയാണ് ദീപക് പോരാടിയത്. വെറുപ്പിന്റെ അങ്ങാടിയിലെ സ്നേഹത്തിന്റെ കടയുടെ ജീവിക്കുന്ന പ്രതീകമാണ് അദ്ദേഹം. സംഘപരിവാർ മനഃപൂർവ്വം രാജ്യത്ത് സാമ്പത്തികവും സാമൂഹികവുമായ വിഷം പടർത്തി ഇന്ത്യയെ വിഭജിക്കുകയാണ്. സാധാരണ പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധ ശക്തികളെ ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ പരസ്യമായി പിന്തുണയ്ക്കുന്നു’ -രാഹുൽ കുറിച്ചു.
‘വെറുപ്പിന്റെയും ഭയത്തിന്റെയും അരാജകത്വത്തിന്റെയും അന്തരീക്ഷത്തിൽ ഒരു രാജ്യത്തിനും പുരോഗമിക്കാൻ കഴിയില്ലെന്നും, സമാധാനമില്ലാത്ത വികസനം വെറും മുദ്രാവാക്യം മാത്രമാണെന്നും രാഹുൽ പറഞ്ഞു.
‘നമുക്ക് കൂടുതൽ ദീപക്കുമാരെ ആവശ്യമുണ്ട്. സഹോദരാ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഭയപ്പെടേണ്ട. നിങ്ങൾ ശക്തനായ പോരാളിയാണ്’ -രാഹുൽ ‘എക്സ്’ പേജിൽ കുറിച്ചു.
കൊലവിളിയുമായി ബജ്റങ് ദൾ പ്രവർത്തകർ ദീപകിന്റെ വീടിനും ജിംനേഷ്യത്തിന് പുറത്തും എത്തിയതിനു പിന്നാലെ പിന്തുണയുമായി ദീപകിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.
സാമൂഹിക മാധ്യമ പേജുകളിൽ ‘മേരാ നാം മുഹമ്മദ് ദീപക്’ എന്ന ഹാഷ് ടാഗിൽ ദീപികിന് പിന്തുണകളുമേറി. വെറുപ്പും വിദ്വേഷവും പടർത്തി, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന പുതിയ ഇന്ത്യയിലെ പ്രതീക്ഷ നൽകുന്ന കാഴ്ചയാണ് ദീപകുമാരെന്നായിരുന്നു കോൺഗ്രസ് നേതാവ് രുചിറ ചുതുർവേദിയുടെ പ്രതികരണം.
അതിനിടെ, ദീപക് കുമാർ പങ്കുവെച്ച വീഡിയോയും വൈറലാണ്. ‘ഞാൻ ഒരു ഹിന്ദുവല്ല, ഞാൻ ഒരു മുസ്ലീമല്ല, ഞാൻ ഒരു സിഖുകാരനും ക്രിസ്ത്യാനിയുമല്ല. ഒന്നാമതായി, ഞാൻ ഒരു മനുഷ്യനാണ്. കാരണം, മരിച്ചതിനുശേഷം, ഒരു മതത്തോടും അല്ല, ദൈവത്തോടും മനുഷ്യത്വത്തോടുമാണ് എനിക്ക് ഉത്തരം പറയേണ്ടിവരുന്നത്’ -തന്റെ ഇൻസ്റ്റ പേജിൽ പങ്കുച്ചെ വീഡിയോയിലൂടെ ദീപക് കുമാർ വിദ്വേഷ ശക്തികളോടായി പറഞ്ഞു.
‘നമ്മുടെ രാജ്യത്തിന് വേണ്ടത് വെറുപ്പല്ല, സ്നേഹവും കരുതലുമാണ്. നിങ്ങൾക്ക് എത്ര വെറുപ്പ് വേണമെങ്കിലും പ്രചരിപ്പിക്കാം. അത് തടയാനാവില്ല. പക്ഷേ സ്നേഹം പ്രചരിപ്പിക്കുന്നത് വളരെ വലിയ കാര്യമാണ്’ -ദീപക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.