മുംബൈ: വിവാദമായ മെട്രോ കാർ ഷെഡ് പദ്ധതിക്കായി മുംബൈ ആരേ കോളനി മേഖലയിൽ നിന്ന് ഇനിയൊരു മരം പോലും മുറിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പുതിയ തീരുമാനമുണ്ടാകുംവരെ കാർ ഷെഡ് പദ്ധതി നിർത്താനും നിർദേശിച്ചു. കഴിഞ്ഞ ദിവസം അധികാരമേറ്റ ഉദ്ധവിന്‍റെ ഏറ്റവും നിർണായക തീരുമാനമാണ് വെള്ളിയാഴ്ച പുറത്തുവന്നത്. മുൻ ബി.ജെ.പി സർക്കാറിന്‍റെ സ് വപ്നപദ്ധതിക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്.
മെട്രോ റെയിൽ പദ്ധതി ഉപേക്ഷിക്കില്ല. പക്ഷേ, ഇനിയൊരു ഉത്തരവ് ഉണ്ടാവുംവരെ ഒരു മരം പോലും പദ്ധതിക്കായി മുറിക്കരുത്. പദ്ധതി സംബന്ധിച്ച് പുനരവലോകനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരേ കോളനിയിലെ മരങ്ങൾ വെട്ടിമാറ്റിയതിനെ കുറിച്ച് താൻ പത്രങ്ങളിൽ വായിച്ചിരുന്നു. ഇത് അംഗീകരിക്കാനാവില്ല. മുംബൈയിൽ ജനിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് താൻ. മരം മുറി വിഷയത്തിൽ യുക്തമായ തീരുമാനം കൈക്കൊള്ളും -ഉദ്ധവ് പറഞ്ഞു. മരം മുറിക്കെതിരെ ശിവസേന നേരത്തെയും രംഗത്തെത്തിയിരുന്നു.
അതേസമയം, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ധവിന്‍റെ തീരുമാനത്തെ വിമർശിച്ചു. പദ്ധതി നിർത്താൻ ഉത്തരവിട്ടത് മുംബൈയുടെ വികസനത്തിൽ സർക്കാറിനുള്ള താൽപര്യക്കുറവാണ് കാണിക്കുന്നതെന്ന് ഫഡ്നാവിസ് ട്വീറ്റ് ചെയ്തു.
മുംബൈയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന ആരേ കോളനിയിൽ മെട്രോ റെയിലിന്‍റെ കാർ ഷെഡ് പദ്ധതി നടപ്പാക്കാൻ 2500ലേറെ മരങ്ങൾ വെട്ടിമാറ്റാനായിരുന്നു തീരുമാനിച്ചത്. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകർ നിരവധി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.
2141 മരങ്ങൾ ഇവിടെനിന്ന് മുറിച്ചുമാറ്റുകയും ചെയ്തു. ഇതിന് പിന്നാലെ, സുപ്രീംകോടതി മരംമുറിക്ക് സ്റ്റേ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.