മുംബൈ: മുംബൈ നഗരസഭയിൽ മറാത്തി മേയർ എന്ന മുദ്രാവാക്യമുയർത്തി താക്കറെ സഹോദരങ്ങൾ സഖ്യത്തിൽ. ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെയും ബുധനാഴ്ച സംയുക്ത വാർത്ത സമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്. ശിവജി പാർക്കിലെത്തി താക്കറെ സ്മാരകം സന്ദർശിച്ച ശേഷമാണ് ഇരുവരുടെയും പ്രഖ്യാപനം. ഇവരുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
ഹിന്ദി ഭാഷ പഠനം നിർബന്ധമാക്കാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കത്തിന് എതിരെ ഇരുവരും ഒന്നിച്ചിറങ്ങിയത് മുതൽ സഖ്യത്തെ ചൊല്ലി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ഒന്നിക്കൽ. മറ്റേത് തർക്കത്തെക്കാളും വലുതാണ് മഹാരാഷ്ട്ര എന്ന വികാരമെന്ന് രാജ് താക്കറെ പറഞ്ഞു. മുംബൈക്ക് വേണ്ടി രാജ് താക്കറെയുടെ പിതാവ് പ്രഭോധങ്കർ താക്കറെ ഉൾപ്പെടെ നേതാക്കൾ നയിച്ച സംയുക്ത മഹാരാഷ്ട്ര സമരം ഓർമപ്പെടുത്തിയാണ് ഉദ്ധവ് താക്കറെ സഖ്യ പ്രഖ്യാപനം നടത്തിയത്.
ജനുവരി 15ന് മുംബൈ ഉൾപ്പെടെ സംസ്ഥാനത്തെ 29 നഗരസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരുവരും സഖ്യത്തിലാകുന്നത്. നാസിക്കും മറ്റിടങ്ങളിലും സഖ്യമുണ്ടാകുമെന്ന് രാജ് സൂചിപ്പിച്ചു. 2005 ൽ ഉദ്ധവിന്റെ നേതൃത്വത്തെ ചൊല്ലിയാണ് രാജ് ശിവസേന വിട്ടത്. 2006ൽ എം.എൻ.എസ് രൂപവത്കരിച്ചു.ഇരുവരും ഒന്നിക്കുന്നതോടെ മറാത്തി വോട്ടുകൾ ഏകീകരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. പുണെയിൽ എൻ.സി.പിയിലെ അജിത് പവാർ പക്ഷവും ശരദ് പവാർ പക്ഷവും ഒന്നിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.