ഉദയ്പൂരിൽ തയ്യൽക്കാരനെ കൊന്നവർക്ക് ബി.ജെ.പി ബന്ധമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി; ‘അറസ്റ്റിലായപ്പോൾ ബി.ജെ.പി നേതാക്കൾ പുറത്തിറക്കി’

ജോധ്പൂർ (രാജസ്ഥാൻ): ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യ ലാൽ തെലിയെ കഴു​ത്തറുത്ത് കൊന്ന്, ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കൊലയാളികൾ ബി.ജെ.പിയുമായി ബന്ധമുള്ളവരാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പ്രതികൾ സംഭവത്തിന് ഏതാനും ദിവസംമുമ്പ് മറ്റൊരു കേസിൽ അറസ്റ്റിലായപ്പോൾ വിട്ടയക്കാൻ ബി.ജെ.പി നേതാക്കളാണ് പൊലീസ് സ്റ്റേഷനിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഇപ്പോൾ വിഷയം വീണ്ടും കുത്തിപ്പൊക്കി നവംബർ 25ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വർഗീയ സംഘർഷം ആളിക്കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കനയ്യ ലാൽ കേസിൽ ‘വോട്ട് ബാങ്ക് രാഷ്ട്രീയം’ കളിക്കുകയാണെന്ന് കഴിഞ്ഞ മാസം ചിറ്റോർഗഡിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

"സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളായ റിയാസ് അക്തരി, ഘൗസ് മുഹമ്മദ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. കുറ്റവാളികൾക്ക് ബി.ജെ.പിയുമായി ബന്ധമുണ്ട്. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ്, മറ്റ് കേസുകളിൽ ഈ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ചില ബി.ജെ.പി നേതാക്കൾ അവരെ വിട്ടയക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു" -ഗെഹ്‌ലോട്ട് പറഞ്ഞു.

ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) പകരം രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്പ് (എസ്‌ഒജി) ആണ് കനയ്യ ലാൽ വധക്കേസ് കൈകാര്യം ചെയ്‌തിരുന്നെങ്കിൽ അന്വേഷണം യുക്തിസഹമായി മാറുമായിരുന്നുവെന്നും പ്രതികൾക്കെതി​രെ തക്കതായ നടപടി സ്വീകരിക്കുമായിരുന്നുവെന്നും ജോധ്പൂരിലെ പ്രചാരണ ജാഥയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഗെഹ്ലോട്ട് പറഞ്ഞു.

2022 ജൂൺ 28ന് ഉദയ്പൂരിലെ മാൽദാസിൽ തന്റെ തയ്യൽകടയിൽ ഇരിക്കവേയാണ് കനയ്യ ലാലിനെ പട്ടാപ്പകൽ രണ്ട് അക്രമികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രവാചകനെ പരിഹസിച്ചതിന് ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട നൂപുർ ശർമ്മയെ പിന്തുണച്ച് ഫേസ്ബുകിൽ പോസ്റ്റ് ചെയ്തു എന്നാരോപിച്ചായിരുന്നു കൊലപാതകം. കൊലപാതകം രാജ്യത്തുടനീളം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഉദയ്പൂരിലെ ധന്മണ്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് 2022 ജൂൺ 29 ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. "അതൊരു ദൗർഭാഗ്യകരമായ സംഭവമായിരുന്നു. അറിഞ്ഞയുടൻ മുൻ നിശ്ചയിച്ച പരിപാടികളെല്ലാം റദ്ദാക്കി ഞാൻ ഉദയ്പൂരിലേക്ക് പോയി. എന്നാൽ, ഉദയ്പൂർ സംഭവം അറിഞ്ഞ ശേഷവും ബിജെപിയുടെ നിരവധി ഉന്നത നേതാക്കൾ ഹൈദരാബാദിൽ ഒരു പരിപാടിയിൽ പങ്കെടുത്തു’ -ഗെഹ്ലോട്ട് പറഞ്ഞു.

സംഭവം നടന്ന ദിവസം തന്നെ എൻ.ഐ.എ കേസ് എടുത്തിരുന്നുവെന്നും അതിന് സംസ്ഥാന സർക്കാർ എതിർപ്പൊന്നും ഉന്നയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എൻ.ഐ.എ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ആർക്കും അറിയില്ല. ഞങ്ങളുടെ എസ്‌.ഒ.ജി കേസ് അന്വേഷിച്ചിരുന്നുവെങ്കിൽ, കുറ്റവാളികളെ ഇപ്പോൾ നിയമത്തിന് മുന്നിൽ കൊണ്ടുവരുമായിരുന്നു" -മുഖ്യമന്ത്രി പറഞ്ഞു.

കൊലപാതകത്തിന് തൊട്ടുപിന്നാലെ രണ്ട് പ്രതികളും തല വെട്ടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ‘തെരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ട് ബി.ജെ.പി വിചിത്രമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഞങ്ങൾ ആരംഭിച്ച പദ്ധതികളെക്കുറിച്ചും ഞങ്ങൾ കൊണ്ടുവന്ന വികസനത്തെ കുറിച്ചും ഒരക്ഷരം മിണ്ടുന്നില്ല. അവർക്ക് പ്രശ്‌നമുണ്ടാക്കാൻ ആഗ്രഹിക്കുന്നു. ഇതി​െനല്ലാം തെരഞ്ഞെടുപ്പിൽ ജനങ്ങൾ തക്ക മറുപടി നൽകും’ -മുഖ്യമന്ത്രി പറഞ്ഞു.

രാജസ്ഥാനിൽ നവംബർ 25 നാണ് വേട്ടെടുപ്പ്. ഡിസംബർ 3 ന് ഫലം അറിയും. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 200 അംഗ നിയമസഭയിൽ 99 സീറ്റുകൾ കോൺഗ്രസ് നേടിയിരുന്നു. ബി.എസ്.പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കോൺഗ്രസ് സർക്കാർ രൂപവത്കരിച്ചത്. 73 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചു.

Tags:    
News Summary - Udaipur Tailor's Killers Linked To BJP: Ashok Gehlot's Big Charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.