എസ്.ഐ.ആർ ജോലി സമ്മർദം; ഉത്തർപ്രദേശിൽ ബി.എൽ.ഒ ആത്മഹത്യ ചെയ്തു

ലഖ്‌നോ: എസ്.ഐ.ആർ ജോലി ഭാരത്തെത്തുടർന്ന് ഉത്തർ പ്രദേശിൽ വീണ്ടും ആത്മഹത്യ. ലഖ്‌നോവിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ കിഴക്കുള്ള ഗോണ്ടയിലെ ബി.എൽ.ഒ വിപിൻ കുമാർ യാദവാണ് ആത്മഹത്യ ചെയ്തത്. എസ്‌.ഐ.ആർ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കടുത്ത സമ്മർദം മൂലമാണ് ആത്മഹത്യ എന്നാണ് ആരോപണം.

ജൈത്പൂരിലെ സർക്കാർ സ്‌കൂളിൽ അധ്യാപകനായിരുന്നു വിപിൻ കുമാർ യാദവ്. നവാബ്ഗഞ്ചിലെ വാടക വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ജില്ലയിലെ മങ്കപൂർ നിയമസഭ മണ്ഡലത്തിൽ എസ്‌.ഐ.ആർ ഡ്യൂട്ടിക്ക് തദ്ദേശ ഭരണകൂടം അദ്ദേഹത്തെ നിയോഗിച്ചിരുന്നു.

വിഷം കഴിച്ചാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ വിപിൻ കുമാറിനെ ആദ്യം ഗോണ്ട ജില്ല ആശുപത്രിയിലേക്കും പിന്നീട് മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ, വിപിൻ കുമാർ യാദവ് തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ എസ്.ഐ.ആർ ജോലി ചെയ്യാൻ നിർബന്ധിച്ചതിന് കുറ്റപ്പെടുത്തുന്നത് കാണാം. താൻ അത് ചെയ്യാൻ തയാറായിരുന്നില്ലെങ്കിലും നിർബന്ധിച്ചു എന്നാണ് വിഡിയോയിൽ പറയുന്നത്.  'ഇതൊരു ദൗർഭാഗ്യകരമായ സംഭവമാണ്' എന്നാണ് ഗോണ്ട ജില്ലാ മജിസ്ട്രേറ്റ് പ്രിയങ്ക നിരഞ്ജൻ പ്രതികരിച്ചത്.

അതേസമയം, ഇത് എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ്. വിവാഹത്തിന് മുതിർന്ന ഉദ്യോഗസ്ഥർ അവധി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഫത്തേപൂരിൽ ബി.എൽ.ഒമാരുടെ മേൽനോട്ടത്തിനായി നിയോഗിക്കപ്പെട്ട ഗ്രാമതല റവന്യൂ ഉദ്യോഗസ്ഥനായ സുധീർ കുമാർ ആത്മഹത്യ ചെയ്തിരുന്നു. എസ്‌.ഐ.ആർ ജോലി പൂർത്തിയാക്കുന്നതിന് മുമ്പ് വിവാഹത്തിന് പോയാൽ സസ്‌പെൻഡ് ചെയ്യുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സുധീറിനെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹത്തിന്‍റെ ബന്ധു മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.  

Tags:    
News Summary - Two UP officials die by suicide as pressure over SIR duties sparks serious concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.