കരൂർ ദുരന്തത്തിൽ പരിക്കേറ്റവർ ചികിത്സയിൽ
ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും നടനുമായ വിജയ് കരൂരിൽ നയിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 39 പേർ. എട്ട് കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടെയാണ് മരണം. 50ലേറെ പേർക്ക് പരിക്കേറ്റതായി തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെ നടന്ന ദുരന്തത്തിൽ കുഴഞ്ഞുവീണവർ ഉൾപ്പെടെ 107 പേരാണ് ചികത്സ തേടിയെത്തിയത്. ഇതിൽ 17 പേരുടെ നില ഗുരുതരമാണെന്നും, മരണ സംഖ്യ ഉയരാനിടയുണ്ടെന്നും സൂചനയുണ്ട്. ഒമ്പത് പൊലീസുകാർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്.
30,000ത്തിലേറെ പേർ പങ്കെടുത്ത കരൂർ റാലിയിൽ രാത്രി ഏഴ് മണിയോടെയാണ് അപകടം നടക്കുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച റാലി വേദിയിലേക്ക് രാത്രി ഏഴിന് മാത്രമാണ് നടൻ കൂടിയായ വിജയ് എത്തിച്ചേർന്നത്. മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് നടനായി കാത്തിരുന്ന ആരാധകരും ജനക്കൂട്ടവും ശാരീരിക അവശതകയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം നാമക്കലിൽ നടന്ന റാലിക്കു ശേഷമായിരുന്നു കരൂർ വേലുച്ചാമി പുരത്ത് റാലിയിലേക്കായി വിജയ് എത്തിച്ചേർന്നത്. രാത്രിയോടെ നടൻ എത്തിച്ചേർന്നതിനു പിന്നാലെ, ജനക്കൂട്ടം കാരവനു സമീപത്തേക്ക് നിയന്ത്രണങ്ങളില്ലാതെ ഇരച്ചെത്തിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
കരൂരിലെ റാലിയിൽ നിന്ന്
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും, ഭക്ഷണവും വെള്ളവുമില്ലാതെ ക്ഷീണതമായ ആരോഗ്യാവസ്ഥയിലുമായിരുന്നു ജനങ്ങളെന്നാണ് റിപ്പോർട്ട്. ഇരിപ്പിടം നഷ്ടമാവാതിരിക്കാൻ ജനക്കൂട്ടം ഒഴിഞ്ഞുപോവാതെ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ നടൻ കാരവന് മുകളിലേക്ക് കയറിയപ്പോൾ ജനക്കൂട്ടം ഇരമ്പിയെത്തുകയായിരുന്നു.
തമിഴക വെട്രികഴകം (ടി.വി.കെ) റാലിയിലെ തിക്കിലും തിരക്കിലുമുണ്ടായ അപകടത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തമിഴ്നാട് ഡി.ജി.പി വി. വെങ്കടരാമൻ. ഉച്ചക്ക് 2 മണിയോടെയായിരുന്നു റാലിക്ക് അനുമതി നൽകിയതെങ്കിലും, വിജയ് എത്താൻ വൈകിയതാണ് ദുരന്തത്തിന് കാരണമെന്നും ഡി.ജി.പി പറഞ്ഞു.
വിജയ് എത്താൻ വൈകിയതിനാൽ ആളുകൾ പെരുകി. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഇല്ലായിരുന്നുവെന്നും, ഇത് സ്ഥിതി കൂടുതൽ വഷളാക്കിയെന്നും ഡി.ജി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.