പനാജി: ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ആകാശ എയർ വിമാനത്തിൽ വെച്ച് ശുചിമുറിയിൽ വെച്ച് ബീഡി വലിച്ച യാത്രക്കാരനെതിരെ കേസ്. ഡൽഹി സ്വദേശിയായ ആശിഷ് എന്നയാളാണ് പിടിയിലായത്. ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള QP1625 വിമാനത്തിൽ വെച്ചാണ് യാത്രക്കാരൻ വിമാനത്തിനുള്ളിലെ ശുചിമുറിയിൽ വെച്ച് ബീഡി വലിച്ചത്. ഇയാളുടെ കൈവശം ലൈറ്ററും ഉണ്ടായിരുന്നു. വിമാനത്തിനുള്ളിൽ ബീഡി വലിച്ചതും ലൈറ്റർ കൈവശം വെച്ചതും വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷക്ക് വലിയ ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി.
വിമാനത്തിലെ സഹയാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്നതായിരുന്നു ഈ പ്രവർത്തി. മോപ്പവിമാനത്താവള പൊലീസ് സ്റ്റേഷനിൽ യാത്രക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത, സിവിൽ ഏവിയേഷൻ സുരക്ഷക്കെതിരായ നിയമവിരുദ്ധ പ്രവൃത്തികൾ തടയുന്നതിനുള്ള നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ലൈറ്റർ സുരക്ഷാ പരിശോധനയിൽ എങ്ങനെ ശ്രദ്ധിക്കപ്പെട്ടില്ല എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.
വിമാനത്തിന്റെ അടച്ചിട്ട കാബിനുള്ളിൽ ഒരു ചെറിയ തീപ്പൊരി പോലും വൻ അപകടത്തിന് കാരണമാകും. പ്രത്യേകിച്ച് ശുചിമുറികളിൽ വായുസഞ്ചാരം കുറവായതിനാൽ പുക തങ്ങിനിൽക്കാനും അത് സെൻസറുകളെ തെറ്റിദ്ധരിപ്പിക്കാനും സാധ്യതയുണ്ട്. വിമാനത്തിലെ ശുചിമുറികളിൽ അതീവ സംവേദനക്ഷമതയുള്ള സ്മോക്ക് ഡിറ്റക്ടറുകൾ ഉണ്ട്. പുകവലിക്കുമ്പോൾ ഇത് പ്രവർത്തിക്കുകയും അലാറം മുഴങ്ങുകയും ചെയ്യും. ഇത് വിമാനത്തിൽ പരിഭ്രാന്തി പരത്തുകയും അടിയന്തര നടപടികളിലേക്ക് നയിക്കുകയും ചെയ്യും.
വിമാനത്തിൽ തീപ്പെട്ടിയോ ലൈറ്ററോ കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. ഇത് സുരക്ഷാ പരിശോധനയിൽ കണ്ടെത്തേണ്ടതാണെങ്കിലും, ഇയാൾ അത് മറികടന്നാണ് വിമാനത്തിൽ എത്തിച്ചത്. സംഭവം നടന്നതായി ആകാശ എയർ സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിലെ ജീവനക്കാർ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതായും, വിമാനം ഗോവയിൽ എത്തിയ ഉടൻ യാത്രക്കാരനെ അധികൃതർക്ക് കൈമാറിയതായും എയർലൈൻ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.