പശ്ചിമേഷ്യൻ സംഘർഷം: നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് ജയശങ്കർ; ഇന്ത്യക്കാരുടെ സുരക്ഷക്ക് മുൻഗണന

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹാരം കാണാൻ സാധിക്കൂ എന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ താമസിക്കുന്നതിനാൽ അവിടെയുള്ള സംഭവവികാസങ്ങൾ സർക്കാർ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നതെന്നും ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം സുരക്ഷയെ ബാധിച്ചതായും ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നേരിട്ടാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.

മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും മധ്യേഷ്യ നിർണായകമാണ്. പ്രതിവർഷം 200 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഗൾഫ് മേഖലയുമായി ഇന്ത്യക്കുള്ളത്. സംഘർഷം ആരംഭിച്ചതിനുശേഷം ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

‘2026 ജനുവരി 5ന്, ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകിയിരുന്നു. അവിടെ താമസിക്കുന്നവരോട് എംബസിയിൽ രജിസ്റ്റർ ചെയ്യാനും, വേണ്ടത്ര മുൻകരുതലുകൾ എടുക്കാനും, എംബസിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ പേജുകളും കൃത്യമായി നിരീക്ഷിക്കാനും നിർദേശിച്ചു. ജനുവരി 14ന് ഇതിനെ സാധൂകരിച്ചുകൊണ്ട് മറ്റൊരു മുന്നറിയിപ്പും പുറപ്പെടുവിച്ചു. കൂടാതെ, ഈ മേഖലയിൽ ഇന്ത്യക്കാരെ ജോലിക്കായി നിയോഗിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷിപ്പിങ് കമ്പനികൾക്കും നിർദേശം നൽകിയിരുന്നു’ -ജയശങ്കർ പറഞ്ഞു.

ഫെബ്രുവരി 14ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി മറ്റൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വിദ്യാർഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ എല്ലാ ഗതാഗത മാർഗ്ഗങ്ങളും ഉപയോഗിച്ച് ഇറാനിൽ നിന്ന് മടങ്ങാൻ എംബസി ആവശ്യപ്പെട്ടു. ഒരാഴ്ചക്ക് ശേഷം പുറത്തിറക്കിയ മറ്റൊരു മുന്നറിയിപ്പിലൂടെയും ഇക്കാര്യം ആവർത്തിച്ചു. ചിലർ ഈ നിർദേശങ്ങൾ സ്വീകരിച്ച് രാജ്യം വിട്ടു. എന്നാൽ, മറ്റ് പലരും അത് അവഗണിച്ച് ഇപ്പോഴും ഇറാനിൽ തുടരുകയാണ്.

സംഘർഷം ആരംഭിച്ചതോടെ, തെഹ്‌റാനിലെ നിരവധി ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാൻ ഇന്ത്യൻ എംബസി സഹായം നൽകിയിട്ടുണ്ട്. സംഘർഷഭരിതമായ സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായി ഹെൽപ്പ്‌ലൈനുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യൻ സമൂഹത്തെ പിന്തുണക്കാൻ ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്. ഈ മേഖലയിലെ എല്ലാ രാജ്യങ്ങളിലെയും ഇന്ത്യൻ എംബസികൾ സാഹചര്യം വിലയിരുത്തുകയും ഇന്ത്യക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - S Jaishankar On Iran War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.