ന്യൂഡൽഹി: ലോക്സഭ സ്പീക്കർ ഓം ബിർളക്ക് എതിരായ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയിൽ. പ്രമേയത്തെ കുറിച്ചുള്ള ചർച്ചയും വോട്ടെടുപ്പും ഇന്ന് നടക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ല, വനിത എം.പിമാർക്കെതിരായ പരാമർശം, പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷൻ ഉൾപ്പെടെ ഉയർത്തിക്കാട്ടി സ്പീക്കർ പക്ഷപാതം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയിട്ടുള്ളത്.
നിലവിൽ 120 എം.പിമാരാണ് അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പുവെച്ചിട്ടുള്ളത്. തൃണമൂൽ കോൺഗ്രസും അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമന്ന് അറിയിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയം പരിഗണിക്കുന്ന സാഹചര്യത്തിൽ ഓം ബിർള സ്പീക്കറുടെ ചെയറിൽ ഇരിക്കാതെ സഭ അംഗങ്ങൾക്ക് ഒപ്പമാകും ഇരിക്കുക. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് പ്രമേയം അവതരിപ്പിക്കുന്നത്.
ഫെബ്രുവരി 10 ന് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ മുൻ ഇന്ത്യൻ ആർമി മേധാവി ജനറൽ എം.എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പിൽ നിന്നുള്ള ഭാഗങ്ങൾ ഉദ്ധരിക്കാനോ സംസാരിക്കാനോ സ്പീക്കർ അനുവദിച്ചിരുന്നില്ല. തുടർന്നാണ് ബിർളക്കെതിരെ 118 എം.പിമാരുടെ ഒപ്പിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലേക്ക് വരരുതെന്ന് താൻ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം അവിടെ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അന്ന് സ്പീക്കർ പറഞ്ഞിരുന്നു. തർക്കങ്ങൾക്കിടയിൽ, എട്ട് പ്രതിപക്ഷ എം.പിമാരെ സഭയിൽ നിന്ന് ബിർള സസ്പെൻഡ് ചെയ്തിരുന്നു.
സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പരിണിക്കാനിരിക്കെ പ്രധാനമന്ത്രി ഓം ബിർളയെ പ്രശംസിച്ച് രംഗത്തു വന്നിരുന്നു. മൂന്ന് തവണ എം.പിയായ ഓം ബിർള, തുടർച്ചയായ രണ്ടാം തവണയാണ് സ്പീക്കർ പദവി അലങ്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.