ഇൻഡ്യ സഖ്യത്തിലേക്ക് ടി.വി.കെ? തിങ്കളാഴ്ചത്തെ യോഗത്തിൽ ഡി.എം.കെ ഇല്ല, വിജയ് പ​ങ്കെടുത്തേക്കും

ചെന്നൈ: തമിഴ്നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ദേശീയതലത്തിലുള്ള ഇൻഡ്യ ബ്ലോക്കിൽനിന്ന് വിട്ടുനിൽക്കാൻ ഡി.എം.കെ തീരുമാനം. അതേസമയം, വിജയ് യുടെ ടി.വി.കെ ഇൻഡ്യ സഖ്യവുമായി അടുക്കാനും സാഹചര്യം ഒരുങ്ങുന്നു. ജൂൺ എട്ടിന് നടക്കാനിരിക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ ദേശീയതല യോഗത്തിൽ പ​ങ്കെടുക്കില്ലെന്ന് ഡി.എം.കെ നേതൃത്വം അറിയിച്ചു. കോൺഗ്രസ് ഉൾപ്പെടുന്ന രാഷ്ട്രീയ സമിതി യോഗങ്ങളിൽ പ​െങ്കടുക്കേണ്ടതില്ലെന്നാണ് ഡി.എം.കെയുടെ നിലപാട്. യോഗത്തിൽ ടി.വി.കെ അധ്യക്ഷൻ വിജയ് പ​​ങ്കെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്. 

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് ഭരണം നഷ്ടപ്പെടുകയും ഡി.എം.കെയോടൊപ്പമുണ്ടായിരുന്ന കോൺഗ്രസ് ഉൾപ്പെടെ ഒട്ടുമിക്ക സഖ്യകക്ഷികളും വിജയ് നയിക്കുന്ന ടി.വി.കെ ക്യാമ്പിലേക്ക് കൂറുമാറിയതുമാണ് ഇൻഡ്യ സഖ്യം വിടാൻ ഡി.എം.കെയെ പ്രേരിപ്പിച്ചത്. ദേശീയതലത്തിൽ കോൺഗ്രസ് ഉൾപ്പെടാത്ത മൂന്നാം മുന്നണിക്ക് രൂപം നൽകാനാണ് ഡി.എം.കെ നീക്കം.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ മുന്നണി തലവൻ എന്ന നിലയിൽ സ്റ്റാലിനോട് ഒരു നന്ദിവാക്ക് പോലും പറയാതെ കോൺഗ്രസ് ടി.വി.കെ പക്ഷത്തേക്ക് പോയത് ഡി.എം.കെ നേതൃത്വത്തെ ഏറെ വേദനിപ്പിച്ചിരുന്നു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2029ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ടി.വി.കെ സഖ്യത്തിലാവും മത്സരിക്കുകയെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ഡി.എം.കെയോടൊപ്പം ഉണ്ടായിരുന്ന വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ), മുസ്‍ലിംലീഗ്, സി.പി.എം, സി.പി.ഐ, എം.ഡി.എം.കെ കക്ഷികളും ഇപ്പോൾ ടി.വി.കെയോടൊപ്പമാണ്. ഇതോടെ തമിഴക രാഷ്ട്രീയത്തിൽ ഡി.എം.കെ തികച്ചും ഒറ്റപ്പെട്ട നിലയിലാണ്.

കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയതായും ഇനിയൊരിക്കലും കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും ഡി.എം.കെ വ്യക്തമാക്കിയിരുന്നു. തുടർന്ന് ലോക്സഭയിൽ ഡി.എം.കെ അംഗങ്ങൾക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് കനിമൊഴി എം.പി സ്പീക്കർക്ക് കത്ത് നൽകുകയും ചെയ്തു. ​ഡി.എം.കെക്ക് നിലവിൽ 22 ലോക്സഭാംഗങ്ങളും എട്ട് രാജ്യസഭാംഗങ്ങളുമാണുള്ളത്. ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടാതെ ഡീലിമിറ്റേഷൻ ബിൽ പരാജയപ്പെട്ടത് ഇൻഡ്യ ബ്ലോക്കിന് ഏറെ ആത്മവിശ്വാസം പകർന്നിരുന്നു. എന്നാൽ, തമിഴ്നാട്ടിൽ ഡി.എം.കെയും പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസും നേരിടുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യം ഇൻഡ്യ സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

ഡി.എം.കെ-കോൺഗ്രസ് അകൽച്ച രാഷ്ട്രീയമായി പരമാവധി മുതലെടുക്കാനാണ് ബി.ജെ.പി നീക്കം. ഡി.എം.കെയോട് കോൺഗ്രസ് രാഷ്ട്രീയ വഞ്ചന കാണിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നത് ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.

ഡി.എം.കെയുടെ പുതിയ നിലപാട് ഇൻഡ്യ ബ്ലോക്കിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നീറ്റ് പരീക്ഷ, ഡീലിമിറ്റേഷൻ ബിൽ, എസ്.ഐ.ആർ, ഒരേ നാട്, ഒരേ തെരഞ്ഞെടുപ്പ്, വഖഫ് നിയമം, എഫ്.സി.ആർ.എ നിയമ ഭേദഗതി തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ ശക്തമായ നിലപാടാണ് ഡി.എം.കെ സ്വീകരിച്ചത്. ജൂലൈയിൽ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഡി.എം.കെ സ്വീകരിക്കുന്ന നിലപാടുകളും നിർണായകമായിരിക്കും.

Tags:    
News Summary - TVK to INDIA Alliance? DMK Skips Monday Meeting, Vijay Likely to Attend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.