വിജയ് ഭരണത്തിന് പിന്നാലെ ടി.വി.കെ നേതാവ് അറസ്റ്റിൽ; 25 കോടിയുടെ സാമ്പത്തിക തട്ടിപ്പെന്ന് പരാതി

പുതുക്കോട്ടൈ: തമിഴ്‌നാട്ടിൽ രാഷ്ട്രീയ മാറ്റത്തിന്റെ ആവേശം അടങ്ങുന്നതിന് മുമ്പേ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തെ (TVK) പ്രതിരോധത്തിലാക്കി നേതാവിന്റെ അറസ്റ്റ്. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് 25 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പുതുക്കോട്ടൈ തിരുവപ്പൂർ സ്വദേശിയും ടി.വി.കെ നേതാവുമായ ശരവണനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ നൂറിലധികം നിക്ഷേപകർ നൽകിയ പരാതിയിലാണ് നടപടി.

പലരിൽ നിന്നായി 30 ലക്ഷം മുതൽ 1.5 കോടി രൂപ വരെയാണ് ശരവണൻ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. മാതാവിന്റെ അസുഖമെന്നും മറ്റ് വ്യക്തിപരമായ അത്യാവശ്യങ്ങളെന്നും പറഞ്ഞാണ് ഇയാൾ പല പ്രമുഖരിൽ നിന്നും പണം കൈക്കലാക്കിയത്. എന്നാൽ പണം തിരികെ നൽകാതെ വരികയും കഴിഞ്ഞ 15 ദിവസമായി ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയുമായിരുന്നു. തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ഇയാൾ പണം തട്ടിച്ചേക്കുമെന്ന് ഭയന്നാണ് നിക്ഷേപകർ എസ്.പിക്ക് പരാതി നൽകിയത്.

മറ്റൊരു സംസ്ഥാനത്ത് ഒളിവിൽ കഴിയുകയായിരുന്ന ശരവണനെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് വാർത്ത പുറത്തുവന്നതോടെ തടിച്ചുകൂടിയ നൂറിലധികം പരാതിക്കാർ പുതുക്കോട്ടൈ എസ്.പി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിയെ തങ്ങൾക്ക് വിട്ടുതരണമെന്നും പണം ഉടൻ തിരികെ വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പൊലീസുമായി വാക്കുതർക്കത്തിലേർപ്പെട്ടു. നിയമപരമായ നടപടികളിലൂടെ പണം തിരികെ ലഭ്യമാക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയ ശേഷമാണ് സംഘം പിരിഞ്ഞുപോയത്.

ഡി.എം.കെ, എ.ഐ.ഡി.എം.കെ സഖ്യങ്ങളുടെ ആധിപത്യം അവസാനിപ്പിച്ച് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടൻ തന്നെ പാർട്ടിക്കുള്ളിൽ നിന്നുണ്ടായ ഈ കേസ് സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. 107 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടി.വി.കെ ചെറുകക്ഷികളുടെ പിന്തുണയോടെയാണ് ഭരണം നടത്തുന്നത്. വിശ്വാസ വോട്ടെടുപ്പിന് തയാറെടുക്കുന്നതിനിടെയുള്ള ഈ അറസ്റ്റ് പ്രതിപക്ഷ കക്ഷികൾ വലിയ ആയുധമാക്കാനാണ് സാധ്യത.

Tags:    
News Summary - TVK official arrested in ₹25 crore fraud case in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.