രാമക്ഷേത്രം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്തിമ റിപ്പോർട്ട് വൈകാതെ ഉത്തർപ്രദേശ് സർക്കാറിന് സമർപ്പിക്കുമെന്ന് റിപ്പോർട്ട്. ക്ഷേത്ര ഭരണത്തിലും സംഭാവന കണക്കെടുപ്പ് സമ്പ്രദായത്തിലും സമഗ്ര മാറ്റത്തിന് എസ്.ഐ.ടി കണ്ടെത്തലുകൾ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരം ജൂൺ 13ന് യു.പി സർക്കാർ രൂപവത്കരിച്ച മൂന്നംഗ അന്വേഷണ സംഘത്തിന് ആദ്യം 15 ദിവസമാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ, ജൂലൈ 11ന് 15 ദിവസത്തേക്ക് കൂടി നീട്ടിനൽകി.
ഇനി നീട്ടാൻ സാധ്യത കുറവായതിനാൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. ട്രസ്റ്റ് യോഗം ജൂലൈ 22ന് അയോധ്യയിൽ ചേരുമ്പോൾ അന്വേഷണ റിപ്പോർട്ടിലെ ശിപാർശകൾ ചർച്ച ചെയ്യുമെന്നും ക്ഷേത്ര മാനേജ്മെന്റിലും നടത്തിപ്പിലും വലിയ പരിഷ്‍കാരങ്ങളുണ്ടാകുമെന്നും യു.പി സർക്കാറുമായും ക്ഷേത്ര ട്രസ്റ്റുമായും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. എസ്.ഐ.ടി കണ്ടെത്തലുകൾക്കായി സംസ്ഥാന സർക്കാറും കാത്തിരിക്കുകയാണെന്നും കുറ്റക്കാരായ എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉറപ്പുനൽകി.
എസ്.ഐ.ടി അന്വേഷണത്തിന് സുപ്രീം കോടതിയുടെ മേൽനോട്ടമുണ്ട്. പ്രത്യേക അന്വേഷണ സംഘത്തോട് ഇതുവരെയുള്ള അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ലഖ്നോ ഡിവിഷനൽ കമീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് എസ്. കിരൺ, സ്പെഷൽ സെക്രട്ടറി (ഫിനാൻസ്) നീൽ രതൻ എന്നിവരാണ് എസ്.ഐ.ടി അംഗങ്ങൾ.
കഴിഞ്ഞ മാസമാണ് അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തത്. അന്വേഷണത്തിൽ രാമക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായ വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് ചമ്പത് റായ് ഉൾപ്പെടെ എട്ട് പ്രതികൾ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. രണ്ട് ട്രസ്റ്റ് അംഗങ്ങൾ രാജിവെച്ചു. അപഹരിച്ച പണവും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.