ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളെ ഭിന്നിപ്പിച്ചും മറ്റു പാർട്ടികളിൽ നിന്ന് എം.പിമാരെ അടർത്തിയെടുത്തും മൂന്നിൽ രണ്ട് ഭൂരിപക്ഷം തികച്ച് വിവാദ മണ്ഡല പുനർനിർണയ ബിൽ പാസാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ത്വരിതഗതിയിലാക്കിയതിന് പിന്നാലെ സർവകക്ഷി യോഗം വിളിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇതിനിടെ, ലോക്സഭയിലും രാജ്യസഭയിലും ബിൽ പാസാക്കിയെടുക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കങ്ങൾക്കിടയിൽ തൃണമൂൽ കോൺഗ്രസിന്റെ ഒരു രാജ്യസഭാ എം.പി കൂടി രാജിവെച്ചു.
50 ശതമാനം മണ്ഡലങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും വർധിപ്പിക്കാനുള്ള വ്യവസ്ഥ കൊണ്ടുവന്നാൽ ഇൻഡ്യ സഖ്യത്തിൽ നിന്ന് ഡി.എം.കെക്കുപുറമെ എൻ.സി.പി(ശരദ് പവാർ) കൂടി ബില്ലിനെ പിന്തുണക്കുമെന്ന് സൂചന നൽകിയതിന് പിന്നാലെയാണ് സർവകക്ഷി യോഗം വിളിക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് കൂടിയായ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടത്.
ശൈത്യകാല സമ്മേളനത്തിൽ പ്രതിപക്ഷം ഈ ബില്ലിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്ന സാഹചര്യമല്ല ഇപ്പോൾ. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർന്നടിഞ്ഞതിനുപുറമെ എം.പിമാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കുകയും തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യം വിട്ട് കോൺഗ്രസ് വിജയ്ക്കൊപ്പം ചേർന്ന സാഹചര്യം ബി.ജെ.പി ഉപയോഗപ്പെടുത്തുകയും ചെയ്തത് പ്രതിപക്ഷത്തെ ദുർബലമാക്കിയിട്ടുണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ വ്യാഴാഴ്ച ചേർന്ന യോഗത്തിന് ശേഷമാണ്, ബിൽ പാസാക്കും മുമ്പ് സർവകക്ഷിയോഗം വിളിക്കണമെന്നും വിഷയത്തിൽ കൃത്യമായ പഠനം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഖാർഗെയുടെ കത്ത്. മണ്ഡല പുനർനിർണയ ബില്ലും രാമക്ഷേത്ര കൊള്ളയും ചോദ്യപേപ്പർ ചോർച്ചയും ഉയർത്തി പാർലമെന്റിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തെക്കുറിച്ചും സഭയിൽ കോൺഗ്രസ് ചർച്ച ആവശ്യപ്പെടും.
മുംബൈ: പ്രതിപക്ഷ പാർട്ടികൾ നിർദേശിച്ച ഭേദഗതിയോടെ മണ്ഡല പുനർനിർണയ ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചാൽ പിന്തുണക്കുന്ന കാര്യം ‘ഇൻഡ്യ ബ്ലോക്കി’ൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് ഉദ്ധവ് താക്കറെ പക്ഷ ശിവസേന വക്താവ് സഞ്ജയ് റാവുത്ത്. ആവശ്യപ്പെട്ട ഭേദഗതിയില്ലെങ്കിൽ ബില്ലിനെ എതിർക്കുമെന്നും റാവുത്ത് പറഞ്ഞു. നാഗ്പുരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സംസ്ഥാനത്തും മണ്ഡലങ്ങളിൽ 50 ശതമാനം വർധന വരുത്തുകയാണെങ്കിൽ ബില്ലിനെ പിന്തുണക്കുമെന്ന് പവാർ പക്ഷ എൻ.സി.പി ദേശീയ വർക്കിങ് പ്രസിഡന്റും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം. ‘ഇൻഡ്യ ബ്ലോക്കി’ലെ സഖ്യകക്ഷികളിൽ കോൺഗ്രസ് ഒഴികെയുള്ളവർക്ക് മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് ഒരേ നിലപാടാണെന്ന സൂചനയാണ് ഇത് നൽകുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ ബിൽ വീണ്ടും അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.