ഹൈദരാബാദ്: നാലാം ക്ലാസ് വിദ്യാർഥിയായ ആദിവാസി ആൺകുട്ടിയെ ഹോസ്റ്റൽ മുറിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്കൂൾ വളപ്പിൽ ഉപേക്ഷിച്ചു. ആന്ധ്രാപ്രദേശിലെ ഏലൂരു ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. അഖിൽ വർധൻ റെഡ്ഡി (ഒമ്പത്) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് അക്രമികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ബുട്ടൈഗുഡേം ബ്ലോക്കിലെ പുലിരമണ്ണഗുഡേം ഗ്രാമത്തിലെ ആദിവാസി ക്ഷേമ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിയാണ് അഖിൽ. മൃതദേഹത്തോടൊപ്പം ഭീഷണിക്കത്ത് ലഭിച്ചിട്ടുണ്ട്. ജീവനിൽ കൊതിയുള്ളവർ ഇവിടം വിട്ട് പോകുക. കാരണം ഇത്തരം സംഭവങ്ങൾ ഇനി മുതൽ ആവർത്തിച്ചുകൊണ്ടിരിക്കും -എന്ന് തെലുഗു ഭാഷയിലെ കത്തിൽ പറയുന്നു.
കോണ്ട റെഡ്ഡി വിഭാഗത്തിൽപ്പെട്ട ഒമ്പതുവയസ്സുകാരൻ തിങ്കളാഴ്ച രാത്രി മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഹോസ്റ്റലിലെ ഡോർമിറ്ററി ഹാളിൽ ഉറങ്ങാൻ പോയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അർധരാത്രിയോടെ പ്രതികളിലൊരാൾ ഗ്രില്ലുകളില്ലാത്ത ജനലിലൂടെ മുറിയിൽ കടന്ന് പ്രധാന വാതിലിന്റെ പൂട്ട് തുറന്നു. ഇതിലൂടെ രണ്ടാമത്തെ അക്രമിയും അകത്തു കയറി. അഖിലിനെ എടുത്ത് കൊണ്ടുപോകുന്നത് മറ്റൊരു വിദ്യാർഥി കണ്ടെങ്കിലും ഭയം കാരണം ആരെയും അറിയിച്ചില്ല. ചൊവ്വാഴ്‌ച രാവിലെ അഖിലിന്‍റെ മൃതദേഹം സ്കൂൾ പരിസരത്ത് കണ്ടെത്തുകയായിരുന്നു.
സംഭവം നടക്കുമ്പോൾ വാർഡനോ വാച്ച്മാനോ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചതായി ആദിവാസി ക്ഷേമ വകുപ്പ് വഹിക്കുന്ന ഉപമുഖ്യമന്ത്രി പീടിക രാജണ്ണ ഡോറ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബുധനാഴ്ച റസിഡൻഷ്യൽ സ്‌കൂളും ഹോസ്റ്റലും ഉപമുഖ്യമന്ത്രി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.