പ്രതീകാത്മക ചിത്രം
ബീഹാർ നിയമസഭയിൽ കഴിഞ്ഞ ദിവസം ഉയർന്ന ചർച്ചകളുടെ പശ്ചാത്തലത്തിൽ കുട്ടികളിലെ മൊബൈൽ ഫോൺ അമിത ഉപയോഗവും സോഷ്യൽ മീഡിയ അടിമത്തവും നിയന്ത്രിക്കാൻ പുതിയ നയം രൂപീകരിക്കാനൊരുങ്ങുകയാണ് ബീഹാർ സർക്കാർ. സോഷ്യൽ മീഡിയ റീലുകൾക്കും ഓൺലൈൻ ഗെയിമുകൾക്കും കുട്ടികൾ അടിമപ്പെടുന്നതിലെ ആശങ്ക പരിഗണിച്ച് നിതീഷ് കുമാർ സർക്കാരാണ് പുതിയ നീക്കം നടത്തുന്നത്. ഫെബ്രുവരി 23ന് നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ വിദഗ്ധരിൽ നിന്ന് സർക്കാർ മാർഗ്ഗനിർദേശങ്ങൾ തേടിയിട്ടുണ്ട്. ഐ.ടി വകുപ്പ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവർ സംയുക്തമായാകും ഈ നയം നടപ്പിലാക്കുകയെന്ന് ഐ.ടി മന്ത്രി ശ്രേയസി സിങ് അറിയിച്ചു. രക്ഷിതാക്കൾ, സ്കൂളുകൾ, സമൂഹം എന്നിവരെ ഏകോപിപ്പിച്ച് കുട്ടികളുടെ സ്ക്രീൻ ടൈം കുറക്കാനുള്ള ബോധവൽക്കരണ പദ്ധതികളും ആവിഷ്കരിക്കും. നിംഹാൻസിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിക്കും.
സിക്ത മണ്ഡലത്തിലെ ജെ.ഡി.യു എം.എൽ.എയായ സമൃദ്ധ് വർമയാണ് ഈ വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളിൽ പോലും കുട്ടികൾ മണിക്കൂറുകളോളം മൊബൈൽ ഫോണിന് മുന്നിൽ ചെലവഴിക്കുന്നത് ഗൗരവകരമായ പ്രശ്നമാണെന്നും, നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികൾക്ക് സ്ക്രീൻ ടൈം നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും ഈ വിഷയത്തിൽ സർക്കാർ അതീവ ജാഗ്രതയിലാണെന്ന് സഭയെ അറിയിച്ചു. കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾക്ക് പുറമെ, ബീഹാറിനായി പ്രത്യേകവും സമഗ്രവുമായ ഒരു നയം ഉടൻ നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.