പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ പിതാംപൂരിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടി പരീക്ഷാ കേന്ദ്രത്തിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകി. ധാർ ജില്ലയിലെ പിതാംപൂർ സെക്ടർ 1 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. പരീക്ഷ എഴുതിക്കൊണ്ടിരുന്ന പെൺകുട്ടിക്ക് പെട്ടെന്ന് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് സ്കൂളിലെ ശൗചാലയത്തിൽ പോയപ്പോൾ പ്രസവിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ ഉടൻ സ്കൂൾ അധികൃതർ പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. ആംബുലൻസ് എത്തിച്ച് അമ്മയെയും കുഞ്ഞിനെയും പിതാംപൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും നിലവിൽ സുരക്ഷിതരാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ ധാർ എ.എസ്.പി പരുൾ ബെലാപുർക്കറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് കുട്ടി പരീക്ഷാ കേന്ദ്രത്തിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ, പോക്സോ നിയമപ്രകാരവും മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് തുടർനടപടികൾക്കായി ബെത്മ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. കഴിഞ്ഞ രണ്ട് വർഷമായി താൻ ഒരാളുമായി പ്രണയത്തിലായിരുന്നുവെന്നും ആ ബന്ധത്തിലൂടെയാണ് ഗർഭിണിയായതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. പ്രസവശേഷം ആശുപത്രിയിൽ വെച്ചാണ് വീട്ടുകാർ പോലും വിവരം അറിയുന്നത്.
കുട്ടിയും അമ്മയും ആരോഗ്യവാന്മാരാണെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സബ് ഇൻസ്പെക്ടർ ചാന്ദ്‌നി സിങ്ങർ അറിയിച്ചു. കുട്ടിക്കും കുടുംബത്തിനും മാനസികമായ പിന്തുണ നൽകാൻ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.