102 കോടിയുടെ സ്വർണ്ണക്കടത്ത്: നടി രന്യ റാവുവിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

ബംഗളൂരു: 102 കോടി രൂപയുടെ സ്വർണ്ണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ഒരു വർഷത്തിനിടെ 127 കിലോയിലധികം സ്വർണ്ണം ഇന്ത്യയിലേക്ക് കടത്തുകയും അത് വിവിധ ഏജന്റുമാർ വഴി ആഭരണ വ്യാപാരികൾക്ക് വിൽക്കുകയും ചെയ്ത സിൻഡിക്കേറ്റിൽ നടിക്ക് പങ്കുണ്ടെന്നാണ് ആരോപണം. ബംഗളൂരുവിലെ പ്രത്യേക പി.എം.എൽ.എ കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്.

രന്യ റാവുവിനെ കൂടാതെ അവരുടെ സഹായി തരുൺ കൊണ്ടൂരു, ബെള്ളാരി ആസ്ഥാനമായുള്ള സ്വർണ്ണ വ്യാപാരി സാഹിൽ സക്കറിയ ജെയിൻ എന്നിവരെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA) 3, 4 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2024 മാർച്ച് മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ഏകദേശം 127.287 കിലോ സ്വർണ്ണം ഇന്ത്യയിലേക്ക് കടത്തിയതായി ഇ.ഡി കണ്ടെത്തി. ഇതിന്റെ വിപണി മൂല്യം ഏകദേശം 102.55 കോടി രൂപ വരും.

മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വളർത്തുപുത്രിയായ 33കാരി രന്യ റാവു കഴിഞ്ഞ വർഷമാണ് ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. 15 ദിവസത്തിനിടെ നടത്തുന്ന നാലാമത്തെ ദുബായ് യാത്രയായതിനാൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. വിമാനത്താവളത്തിൽ വെച്ച് 14.2 കിലോ സ്വർണ്ണമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇതിൽ കുറച്ച് സ്വർണ്ണം ധരിക്കുകയും ബാക്കി വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രന്യ റാവുവിന്റെ പേരിലുള്ള 34.12 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.

ഒരു സംഘടിത ശൃംഖലയുടെ ഭാഗമായാണ് രന്യ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒരു കിലോ സ്വർണ്ണം കടത്തുന്നതിന് 4 മുതൽ 5 ലക്ഷം രൂപ വരെ കമീഷനായി ഇവർ കൈപ്പറ്റിയിരുന്നു. സ്വർണ്ണം വിറ്റു കിട്ടുന്ന പണം ഹവാല ഇടപാടുകൾ വഴിയാണ് കൈമാറിയിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. താരം നിലവിൽ ബംഗളൂരു സെൻട്രൽ ജയിലിലാണ്.

Tags:    
News Summary - Ranya Rao In Rs 102-Crore Gold Smuggling Case Chargesheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.