ബോനു കൊമാലി

‘​ഐ ലവ് യൂ മമ്മീ; അനിയനെ നന്നായി നോക്കണം’; അമ്മക്ക് വികാരനിർഭര കുറിപ്പെഴുതിവെച്ച് യൂട്യൂബർ ജീവനൊടുക്കി

ഹൈദരബാദ്: യൂട്യൂബറും ഡിഗ്രി വിദ്യാർഥിനിയുമായ ബോനു കൊമാലിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരപരിധിയിലുള്ള മണികൊണ്ടയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വിശാഖപട്ടണത്തെ ഗജുവാക്ക സ്വദേശിയായ ബോനു കൊമാലി മൈസമ്മഗുഡയിലെ സ്വകാര്യ കോളജിലെ ബി.എസ്‌.സി ഒന്നാം വർഷ വിദ്യാർഥിനിയാണ്. കഴിഞ്ഞ 11 മാസമായി മണികൊണ്ടയിലെ എൽ.ഐ.ജി ചിത്രപുരി കോളനിയിലെ ഫ്ലാറ്റിലാണ് കൊമാലി താമസം.

ഫെബ്രുവരി 23ന് പുലർച്ചെ 1.34ന് കൊമാലി അമ്മ ബി.സത്യ വരലക്ഷ്മിക്ക് ഒരു സന്ദേസം അയച്ചതായി പൊലീസ് പറയുന്നു. 'ഐ ലവ് യൂ മമ്മീ, അനിയനെ നന്നായി നോക്കണം' എന്നായിരുന്നു അത്. കുവൈറ്റിൽ ബേബി സിറ്ററായി ജോലി ചെയ്യുന്ന അമ്മ പലതവണ വിളിക്കാൻ ശ്രമിച്ചെങ്കിലും കൊമാലിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് അവർ കൊമാലിയുടെ സുഹൃത്ത് മാനസയെ വിളിക്കുകയും മകളെ അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മാനസ ഫ്ലാറ്റിൽ എത്തിയപ്പോൾ വാതിൽ അകത്തു നിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നു. വാതിലിൽ ആവർത്തിച്ച് തട്ടിവിളിച്ചിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് അവർ അയൽക്കാരെ അറിയിക്കുകയും പൊലീസിൽ ബന്ധപ്പെടുകയും ചെയ്തു. പൊലീസ് സംഘം വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നപ്പോൾ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ബോനുവിനെ കണ്ടെത്തിയതെന്ന് റൈദുർഗം ഇൻസ്പെക്ടർ സി.എച്ച്. വെങ്കണ്ണ പറഞ്ഞു.

ആറ് മാസം മുമ്പ് കോമാലി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അപ്പോഴാണ് 27 വയസ്സുള്ള ഒരു സോഫ്റ്റ്‌വെയർ ജീവനക്കാരനുമായി മകൾ മൂന്ന് വർഷമായി പ്രണയത്തിലാണെന്ന് അറിഞ്ഞതെന്ന് വരലക്ഷ്മി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കോമാലി തന്‍റെ പ്രണയത്തെക്കുറിച്ച് വിവരിക്കുന്ന ഡയറി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. 'ആത്മഹത്യ ചെയ്യുന്നതിന്‍റെ തലേ ദിവസം കൊമാലി അയാളെ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് പ്രണയം അറിയിച്ചിരുന്നു. എന്നാൽ, തനിക്ക് താൽപര്യമില്ലെന്നായിരുന്നു അയാളുടെ മറുപടി. തന്നെ ഉപദ്രവിക്കരുതെന്നും അയാൾ സന്ദേശം അയച്ചിരുന്നു' -അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    
News Summary - YouTuber Komali dies by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.