ന്യൂഡൽഹി: പാഠപുസ്തക വിവാദത്തിൽ സുപ്രീകോടതിയിൽ മാപ്പ് പറഞ്ഞ് കേന്ദ്രസർക്കാർ. പാഠഭാഗങ്ങൾ തയാറാക്കിയവർക്കെതിരെ കർശന നടപടിയെടുക്കും. ഭാവിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു പ്രവർത്തനത്തിലും അവരെ ഭാഗമാക്കില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രസർക്കാറിന് വേണ്ടി കോടതിയിൽ ഹാജരായ നിലപാട് അറിയിച്ചത്.
ഗൗരവമായി തന്നെയാണ് വിഷയത്തെ കേന്ദ്രസർക്കാർ സമീപിച്ചത്. അതുകൊണ്ടാണ് രണ്ട് ജീവനക്കാരേയും മാറ്റിനിർത്തി ഭാവിയിൽ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ഒരു പ്രവർത്തനത്തിലും അവർ ഭാഗമാവില്ലെന്ന് ഉറപ്പാക്കുകയും ചെയ്തെന്നും തുഷാർ മേത്ത പറഞ്ഞു. എന്നാൽ, മാപ്പ് കൊണ്ട് മാത്രം വിഷയം ഒതുക്കാനാവില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരികയെന്നത് തങ്ങളുടെ കടമയാണ്. ഉത്തരവാദികളെ കണ്ടെത്തും വരെ ഞങ്ങൾ നിയമനടപടികൾ അവസാനിപ്പിക്കില്ലെന്നും തലകൾ ഉരുണ്ടേ മതിയാവുയെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്ര പറഞ്ഞു. ജുഡീഷ്യറിക്ക് നേരെ നിങ്ങൾ വെടിയുതിർത്തിരിക്കുകയാണ്. രക്തംവാർന്ന് നിൽക്കുകയാണ് രാജ്യത്തെ ജുഡീഷ്യൽ വ്യവസ്ഥയെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
എട്ടാം ക്ലാസിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമർശിച്ചതിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ഒരാളെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത് കേവലം അശ്രദ്ധയല്ലെന്നും, മറിച്ച് ജുഡീഷ്യറിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കോടതി ഇടപെടലിന് പിന്നാലെയാണ് പുസത്കം വിൽപനയിൽ നിന്ന് പിൻവലിച്ച വാർത്ത പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.