ഡൽഹിയിലും ജമ്മു കശ്മീരിലും ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ

ന്യൂഡൽഹി: ഡൽഹിയിലും ജമ്മു കശ്മീരിലും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം. ശനിയാഴ്ച വൈകിട്ട് 7.04 നാണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അഫ്ഗാനിസ്താനാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

അഫ്ഗാനിസ്താനിലെ കാബൂളിലും കിഴക്കൻ പ്രവിശ്യകളായ ഖോസ്റ്റ്, നംഗർഹാറിലും ഭൂചലനം അനുഭവപ്പെട്ടു. കൂടാതെ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദ്, സ്വാത്, ഹാംഗു, വടക്കൻ വസീറിസ്ഥാൻ, ചിത്രാൽ, റാവൽപിണ്ടി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

പ്രകമ്പനം അനുഭവപ്പെട്ടതോടെ ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും നിരവധി പേർ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്കിറങ്ങി. പ്രാഥമിക വിവരങ്ങൾ പ്രകാരം ആളപായമോ വലിയ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ അഫ്ഗാനിസ്താനിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് ഡൽഹിയിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

കഴിഞ്ഞ ബുധനാഴ്ച വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പങ്ങളിൽ 920 പേരാണ് മരിച്ചത്. മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഇരട്ട ഭൂകമ്പങ്ങൾ ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തുകയും 50,000ത്തിലധികം ആളുകളെ കാണാതാകുകയും ചെയ്തിട്ടുണ്ട്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാസേനക്ക് എത്തിച്ചേരാന്‍ സാധിക്കാത്തതിനാലാണ് മരണസംഖ‍്യ ഉയരുകയാണ്. ബ്രസീൽ, കാനഡ, മെക്സികോ, കൊളംബിയ, എൽ സാൽവദോർ, ക്യൂബയടക്കമുള്ള രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും അടിയന്തരരക്ഷാപ്രവർത്തനത്തിനായി വെനിസ്വേലയിലേക്ക് വെള്ളിയാഴ്ച സന്നദ്ധസേനയെ അ‍യച്ചിട്ടുണ്ട്. ഔദ്യോഗികരേഖകൾ പ്രകാരം 580 പേരെ ഇനിയും കണ്ടെത്താനുള്ളതായാണ് വിവരം.

അതേസമയം, തെക്കന്‍ ഫിലിപ്പീന്‍സിലെ മിന്ദനാവോ തീരത്ത് വീണ്ടും ഭൂചലനമുണ്ടായിരുന്നു. വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags:    
News Summary - Tremors In Delhi JK After Earthquake Strikes Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.