യു ടേൺ അടിച്ച് ബാർ കൗൺസിൽ; NALSAR-ൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് എൻറോൾ ചെയ്യാം; വിവാദ ഉത്തരവ് പിൻവലിച്ചു

ന്യൂഡൽഹി: ഹൈദരാബാദിലെ നാഷനൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (നൽസർ) 2026 ബാച്ച് നിയമബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് താൽക്കാലികമായി തടഞ്ഞ നടപടി പിൻവലിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ). അടിയന്തര ചർച്ചക്ക് പിന്നാലെയാണ് തീരുമാനം. ഏറ്റവും പുതിയ നിർദേശത്തിൽ, 2026ലെ നൽസർ ബിരുദധാരികൾക്ക് അവർ ഇഷ്ടപ്പെടുന്ന സംസ്ഥാന ബാർ കൗൺസിലിൽ ചേരാൻ അർഹതയുണ്ടെന്ന് ബി.സി.ഐ വ്യക്തമാക്കി.

ഒരു തെറ്റും ചെയ്യാത്ത ഒരു വിദ്യാർഥിയെയും ബുദ്ധിമുട്ടിക്കില്ലെന്നും നിർദേശത്തിൽ പറയുന്നു. എന്നാൽ, നൽസർ വൈസ് ചാൻസലറുടെ അന്വേഷണ റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുകയെന്നും ബാർ കൗൺസിൽ അറിയിച്ചു.

2026ൽ നൽസറിൽ നിന്ന് നിയമബിരുദം നേടിയ ഒരു വിദ്യാർഥിയെയും അടുത്ത ഉത്തരവുണ്ടാകുന്നതുവരെ ഏതെങ്കിലും സംസ്ഥാന ബാർ കൗൺസിൽ അഭിഭാഷകനായി എൻറോൾ ചെയ്യരുതെന്നായിരുന്നു ബി.സി.ഐയുടെ ആദ്യ നിർദേശം. ഈ നീക്കം വ്യാപകമായ വിമർശനത്തിന് കാരണമാകുകയും ചെയ്തിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സർവകലാശാലയുടെ ബിരുദദാനചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു എൻറോൾ ചെയ്യുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ടുള്ള ബി.സി.ഐയുടെ നിർദേശം. വിദ്യാർഥികളുടെ പ്രതിഷേധത്തെക്കുറിച്ച് നൽസർ വൈസ് ചാൻസലറിൽ നിന്ന് വിശദമായ റിപ്പോർട്ട് നൽകാൻ ബി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ 2026ലെ ബിരുദദാനചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ നൽസറിലെ ഒരു വിഭാഗം വിദ്യാർഥികൾ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 450ലേറെ വിദ്യാർഥികൾ സർവകലാശാല അധികൃതർക്ക് നിവേദനം നൽകുകയായിരുന്നു. വൈസ് ചാൻസലർ, രജിസ്ട്രാർ, അധ്യാപകർ തുടങ്ങിയവർക്കാണ് വിദ്യാർഥികൾ കത്തയച്ചത്.

ജൂലൈ 20ന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയിലെ സുപ്രീംകോടതിയുടെ ഇടപെടലാണ് വിദ്യാർഥികളുടെ എതിർപ്പിന് കാരണമായത്. ജൂലൈ 23ലെ വാദത്തിനിടെ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് തയാറായില്ലെന്നും ‘വീഡിയോകളിൽ ഞങ്ങൾക്ക് താൽപര്യമില്ല, അത് കാണാൻ സമയമില്ല’ എന്ന തരത്തിൽ പ്രതികരിച്ചെന്നുമായിരുന്നു വിദ്യാർഥികളുടെ പ്രതികരണം. പ്രതിഷേധത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റെന്ന പരാതിയും വിദ്യാർഥികൾ നിവേദനത്തിൽ പറയുന്നു. ചീഫ് ജസ്റ്റിസ് യുവാക്കളെ ‘പാറ്റകൾ’ എന്നു വിശേഷിപ്പിച്ചെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.

അതേസമയം, തങ്ങളുടെ പ്രതിഷേധം ചീഫ് ജസ്റ്റിസ് എന്ന ഭരണഘടനാപരമായ പദവിക്കെതിരല്ലെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. അടുത്തകാലത്തെ ചില കോടതി നടപടികളും പരാമർശങ്ങളും ഒരു നിയമ സർവകലാശാലയുടെ ബിരുദദാനചടങ്ങിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതാണ് തങ്ങളുടെ ആശങ്കയെന്നും അവർ പറഞ്ഞു. ഭരണഘടനാ അവകാശങ്ങൾ, പ്രതിബദ്ധത, നീതിയിലേക്കുള്ള പ്രവേശനം, പരാതികളോട് ഉത്തരവാദിത്തത്തോടെയുള്ള സമീപനം തുടങ്ങിയവയാണ് നൽസർ പോലുള്ള നിയമസ്ഥാപനങ്ങൾ പ്രതിനിധീകരിക്കേണ്ടതെന്നും വിദ്യാർഥികൾ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - BCI withdrew its order freezing the enrolment of the entire 2026 graduating batch of NALSAR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.