നിതിൻ ഗഡ്കരി

‘ഇ20 മാനദണ്ഡങ്ങൾ യു.എസിൽനിന്ന് കോപിയടിച്ചു’; നിതിൻ ഗഡ്കരിക്കെതിരെ ആരോപണം, വീഡിയോ പുറത്തുവിട്ട് തെഹ്‌സീൻ പൂനാവാലെ

ന്യൂഡൽഹി: രാജ്യത്തെ ഇ20 പെട്രോൾ നയ വിവാദത്തിനിടെ, യു.എസിൽ നിന്നുള്ള എഥനോൾ മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ ‘കോപ്പി -പേസ്റ്റ്’ ചെയ്തതായി ആരോപണം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ പഴയ വീഡിയോ പുറത്തുവിട്ട് സാമൂഹിക പ്രവർത്തകൻ തെഹ്‌സീൻ പൂനാവാലെയാണ് ആരോപണവുമായി രംഗത്തെത്തിയത്.

എഥനോളുമായി ബന്ധപ്പെട്ട ഇന്ത്യൻ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിനായി, അമേരിക്കൻ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി അതിവേഗം ചട്ടങ്ങൾ തയാറാക്കാൻ നിതിൻ ഗഡ്കരി നിർദേശിച്ചിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ നിതിൻ ഗഡ്കരിയുടെ പ്രസംഗം ഇ20 നയവുമായി ബന്ധപ്പെട്ട് അദ്ദേഹം കോടതിയിൽ സ്വീകരിച്ച നിലപാടുകൾക്ക് വിരുദ്ധമാണെന്നും തെഹ്‌സീൻ പൂനാവാലെ ആരോപിച്ചു.

നിതിൻ ഗഡ്കരിയെ കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നും ഇ20 നയം പിൻവലിക്കണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു. ‘ഈ മനുഷ്യൻ യു.എസിൽ നിന്നുള്ള എഥനോൾ മാനദണ്ഡ നയം കോപി പേസ്റ്റ് ചെയ്തു. തനിക്ക് എഥനോളുമായി യാതൊരു ബന്ധവുമില്ലെന്ന് അയാൾ കോടതികളോട് കള്ളം പറഞ്ഞു. അദ്ദേഹത്തെ എത്രയും വേഗം പുറത്താക്കണം’ - അദ്ദേഹം പറഞ്ഞു. ഇ20ക്കെതിരെ ‘ടീം ഭാരത്’ എന്ന കൂട്ടായ്മയുമായി ചേർന്ന് തെഹ്‌സീൻ പൂനാവാലെ നേരത്തെ തന്നെ പ്രചാരണം നടത്തിയിരുന്നു.

ഇന്ത്യയിൽ മാനദണ്ഡങ്ങൾ രൂപീകരിക്കാൻ മൂന്ന് മുതൽ നാല് വർഷം വരെ സമയമെടുക്കുന്നതിൽ തനിക്ക് മടുപ്പുണ്ടായിരുന്നുവെന്ന് തെഹ്സീൻ പൂനാവാലെ പുറത്തുവിട്ട വിഡിയോയിൽ നിതിൻ ഗഡ്കരി പറയുന്നത് കേൾക്കാം. എഥനോളിനുള്ള മാനദണ്ഡങ്ങൾ തയാറാക്കേണ്ട സാഹചര്യം വന്നപ്പോൾ അമേരിക്കൻ നിയമമോ മാനദണ്ഡമോ അടിസ്ഥാനമാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തി ഇന്ത്യയുടെ വിശദാംശങ്ങളും മുദ്രയും ചേർത്ത് പ്രഖ്യാപിക്കാമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചെന്നാണ് ഗഡ്കരി പറയുന്നത്. മന്ത്രിയായുള്ള കാലാവധി അഞ്ച് വർഷമാണെന്നും അതിനുള്ളിൽ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്നും ഗഡ്കരി വീഡിയോയിൽ പറയുന്നു. മാനദണ്ഡം തയാറാക്കാൻ തന്നെ അഞ്ച് വർഷം ചെലവഴിച്ചാൽ പ്രവർത്തനം എപ്പോൾ പൂർത്തിയാക്കുമെന്നും അദ്ദേഹം ​ചോദിക്കുന്നു. അതേസമയം, സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും നിതിൻ ഗഡ്കരി പറയുന്നുണ്ട്.

എന്നാൽ, തെഹ്സീൻ പൂനാവാലെ പങ്കുവെച്ച വീഡിയോ പഴയതാണെന്നും അത് എപ്പോൾ, എവിടെ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ലെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ചേർന്ന ഇന്ധനമാണ് ഇ20. ഇ20 നയത്തിനെതിരെ വാഹന ഉടമകളിൽ നിന്നും ഉപഭോക്തൃ സംഘടനകളിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യാപക വിമർശനം ഉയർന്നിരുന്നു.

Tags:    
News Summary - E20 Standards Copied From US Tehseen Poonawalla Shares Gadkari Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.