‘മോദിക്ക് ഉറക്കം നഷ്ടപ്പെട്ടു, അമിത് ഷാ അപ്രത്യക്ഷനായി...’; കേന്ദ്ര സർക്കാറിനെയും ബി.ജെ.പിയെയും പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനത്തിന്‍റെ പ്രതികരണം കണ്ട് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന് വിറളിപിടിച്ചെന്ന് രാഹുൽ വിമർശിച്ചു.

“ഞങ്ങളുടെ ജോലി വളരെ ലളിതമാണ്, ഞങ്ങൾക്ക് അവരെ ഭ്രാന്ത് പിടിപ്പിക്കാൻ കഴിയും... ഞാൻ നിങ്ങളോട് പറയുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാത്രി ഉറക്കം കിട്ടുന്നില്ല. അതിന് വ്യത്യസ്ത കാരണങ്ങളുണ്ട്. നിരവധി രഹസ്യ കാരണങ്ങളുമുണ്ട് ”-ഡൽഹിയിലെ ഇന്ദിര ഭവനിൽ സംഘടിപ്പിച്ച രചനാത്മക കോൺഗ്രസ് കൺവെൻഷനിൽ രാഹുൽ പറഞ്ഞു.

തുടർച്ചയായി പാർലമെന്‍റിൽ വരാതിരുന്ന അമിത് ഷായെയും രാഹുൽ പരിഹസിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായെ എന്താണ് വിളിച്ചിരുന്നത്, ചാണക്യൻ? ഇപ്പോൾ അദ്ദേഹം എവിടെയാണ് അപ്രത്യക്ഷനായത്? അദ്ദേഹത്തിന് 20 ദിവസം പാർലമെന്റിൽ വരാനാകുന്നില്ല... എന്തുകൊണ്ട്? കാരണം, ഇന്ത്യയുടെ ജനരോഷം അവരെ അസ്വസ്ഥരാക്കുകയാണെന്നും രാഹുൽ പറഞ്ഞു. രാജ്യം സ്വയം പ്രകടിപ്പിക്കുന്നത് ഉടൻ നിർത്തില്ലെന്ന് സർക്കാറിന് ബോധ്യപ്പെട്ടു. വിദേശ രാജ്യങ്ങളുടെ നേതാക്കളുമായി വ്യക്തിപരമായ സൗഹൃദങ്ങൾ സ്ഥാപിക്കുന്നതല്ല നയതന്ത്രം. ഒരു പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾ വ്യക്തിപരമായ സൗഹൃദങ്ങളേക്കാൾ രാജ്യതാൽപര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും രാഹുൽ പറഞ്ഞു.

ആർ.എസ്.എസിനെയും രൂക്ഷമായാണ് രാഹുൽ വിമർശിച്ചത്. ആർഎസ്എസ് ഒരു യഥാർഥ ശക്തിയെന്ന നിലയിൽ മരിച്ചു കഴിഞ്ഞു. ഇപ്പോൾ ആർ.എസ്.എസ് വൻകിട മൂലധനത്തിന്റെ ഒരു ഉപകരണം മാത്രമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. വർഷകാല സമ്മേളനത്തിന്‍റെ അവസാന ദിവസമായ വ്യാഴാഴ്ചയാണ് മോദിയും അമിത് ഷായും പാർലമെന്‍റിലെത്തിയത്. വന്ദേമാതരം ആലപിച്ച ശേഷം ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇനി ഡിസംബറിലെ ശൈത്യകാല സമ്മേളനമാണ് നടക്കാനുള്ളത്. നീറ്റ് പരീക്ഷാ പ്രതിഷേധം, ഡൽഹിയിലെ സമരക്കാർക്കെതിരെയുള്ള പൊലീസ് നടപടി, രാമക്ഷേത്ര സംഭാവന വിവാദങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് സഭാ നടപടികൾ പലതവണ തടസപ്പെട്ടിരുന്നു. സമ്മേളനത്തിലുടനീളം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത ഭിന്നതയാണ് നിലനിന്നിരുന്നത്.

നിർണായകമായ പല ബില്ലുകളും ഇത്തവണ പാസാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വർഷകാല സമ്മേളനം നിരാശ നൽകി. 19 സിറ്റിങ്ങുകളാണ് സമ്മേളനത്തിലുണ്ടായിരുന്നത്. പതിവ് സമാപന പ്രസംഗം ലോക്സഭാ സ്പീക്കർ ഓം ബിർള വായിച്ചില്ല. ഡൽഹിയിലെ പ്രതിഷേധക്കാർക്കുനേരെ നടന്ന പൊലീസ് ആക്രമണത്തിൽ അമിത് ഷാ പാർലമെന്‍റിൽ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ലോക്സഭയിൽ ഹാജരാകാൻ ഷാ തയാറാകാത്തത് പ്രതിഷേധത്തിനു വഴി വെച്ചിരുന്നു.

Tags:    
News Summary - Rahul Gandhi Says PM Modi Does Not Sleep At Night For Many Reasons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.