ന്യൂഡൽഹി: ശൗര്യചക്ര ജേതാവായ മോഹൻ സിങിന്റെ വിധവ കുൽദീപ് കൗറിന് 26 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയുടെ ആശ്വാസം. കുൽദീപ് കൗറിന് എക്സ്ട്രാ ഓർഡിനറി ഫാമിലി പെൻഷൻ ഉടൻ അനുവദിക്കാനും അധികമായി 10 ലക്ഷം രൂപ ഒറ്റത്തവണയായി നൽകാനും കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. രാജ്യത്തിനായി ജീവൻ ത്യജിച്ച സൈനികരുടെ കുടുംബങ്ങൾ അർഹമായ ആനുകൂല്യങ്ങൾക്കായി നിയമപോരാട്ടം നടത്തേണ്ടിവരുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2000 ജൂലൈ 10-നാണ് ഇന്ത്യ-ചൈന അതിർത്തിയിലെ തന്ത്രപ്രധാന റോഡ് നിർമാണ പദ്ധതിയിൽ ജോലി ചെയ്യുന്നതിനിടെ മോഹൻ സിങിന് ജീവൻ നഷ്ടപ്പെട്ടത്. മണ്ണിടിച്ചിലിൽ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മണ്ണിനടിയിൽപ്പെട്ടത്. ധീരതക്കുളള അംഗീകാരമായി 2001ൽ മരണാനന്തരം മൂന്നാമത്തെ പരമോന്നത സൈനിക ബഹുമതിയായ ശൗര്യചക്ര നൽകി ആദരിച്ചു.
എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ കുൽദീപ് കൗർ ആവശ്യപ്പെട്ട എക്സ്ട്രാ ഓർഡിനറി ഫാമിലി പെൻഷൻ കേന്ദ്രസർക്കാർ നിഷേധിച്ചു. വർക്കേഴ്സ് കോംപൻസേഷൻ നിയമപ്രകാരം നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്നും അതിനാൽ അധിക പെൻഷന് അർഹതയില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ സർക്കാർ കേസ് തെറ്റായി വർഗീകരിച്ചുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മോഹൻ സിങിന്റെ ത്യാഗം സെൻട്രൽ സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങളിലെ കാറ്റഗറി-സിയിൽ വരുന്നതാണെന്നും അതിനാൽ കുടുംബത്തിന് എക്സ്ട്രാ ഓർഡിനറി ഫാമിലി പെൻഷനും അനുബന്ധ ആനുകൂല്യങ്ങളും ലഭിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. നേരത്തെയുള്ള കോടതി നിർദേശപ്രകാരം കുടിശ്ശികയായി 14.28 ലക്ഷം രൂപയും എക്സ്ട്രാ ഓർഡിനറി ഫാമിലി പെൻഷന്റെ കുടിശ്ശികയായി 4.12 ലക്ഷം രൂപയും സർക്കാർ ഇതിനകം നൽകിയതായി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി കോടതിയെ അറിയിച്ചു.
ഇതിന് പുറമെ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കോടതി കുൽദീപ് കൗറിന് 10 ലക്ഷം രൂപ കൂടി ഒറ്റത്തവണയായി നൽകാൻ നിർദേശിച്ചത്. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാൻ പതിറ്റാണ്ടുകളോളം കോടതിയെ സമീപിക്കേണ്ടിവരുന്നത് ദൗർഭാഗ്യകരമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നിയമപരമായ പരിഹാരം തേടുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി വിധവക്ക് ആനുകൂല്യം നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.