മമത ബാനർജി
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം പലപ്പോഴും സ്തംഭനാവസ്ഥയിലായെങ്കിലും സർക്കാറിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.പിമാർ. സമ്മേളന കാലയളവിൽ ലോക്സഭയിലും രാജ്യസഭയിലുമായി പാർട്ടി എം.പിമാർ 180ലേറെ ചോദ്യങ്ങൾ ഉന്നയിച്ചതായി രാജ്യസഭയിലെ ടി.എം.സി നേതാവ് ഡെറക് ഒബ്രയൻ പറഞ്ഞു. മമത ബാനർജി നേതൃത്വം നൽകുന്ന ടി.എം.സിയുടെ 28 ലോക്സഭ അംഗങ്ങളിൽ 20 പേരും പാർട്ടി വിട്ട സാഹചര്യത്തിലാണ് എം.പിമാരുടെ ഈ പ്രകടനം.
തൊഴിലുറപ്പ് പദ്ധതിയിലെ കുടിശ്ശിക തീർപ്പാക്കാത്തതിനെ കുറിച്ച് ടി.എം.സി എം.പി കല്യാൺ ബാനർജി ഉന്നയിച്ച ചോദ്യത്തിന്, പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 2025-26 വരെയുള്ള കുടിശ്ശിക പൂർണമായി തീർത്തുവെന്നാണ് സർക്കാർ മറുപടി നൽകിയത്. ബംഗാളിൽ 1,457 കോടി രൂപയുടെ വേതന വിഹിതം ഇനിയും നൽകാനുണ്ടെന്ന് ഒബ്രയൻ പറഞ്ഞു.
രാജ്യത്ത് ബാങ്ക് തട്ടിപ്പുകൾ വർധിക്കുന്നതിനെക്കുറിച്ച് സാഗരിക ഘോഷ് എം.പി ചോദിച്ചപ്പോൾ റിസർവ് ബാങ്ക് (ആർ.ബി.ഐ) ഡാറ്റ തന്നെ സർക്കാർ പുറത്തുവിട്ടു. അഞ്ച് വർഷത്തിനിടയിൽ നടന്ന തട്ടിപ്പുകളുടെ ആകെ തുക 1.42 ലക്ഷം കോടി രൂപയാണെന്നും എന്നാൽ, തിരിച്ചുപിടിക്കാനായത് വെറും 6,400 കോടി രൂപ മാത്രമാണെന്നും ആർ.ബി.ഐയുടെ രേഖകളിൽ പറയുന്നു.
ഗ്രാമീണ തൊഴിലില്ലായ്മയെ കുറിച്ചുള്ള മഹുവ മൊയ്ത്രയുടെ ചോദ്യത്തിന്, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമാണെന്നാണ് സർക്കാർ മറുപടി നൽകിയത്. അതേസമയം, കീർത്തി ആസാദിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ ഇന്ത്യയിലേക്കുള്ള വിദേശ നേരിട്ടുള്ള നിക്ഷേപം കുറഞ്ഞതായി സർക്കാർ അറിയിച്ചു.
2019-ലെ കോർപറേറ്റ് നികുതി ഇളവുകളുടെ ആഘാതത്തെക്കുറിച്ച് നദിമുൽ ഹഖ് ചോദിച്ചതിന് മറുപടിയായി, നികുതി കുറച്ചതു വഴിയും അനുബന്ധ ഇളവുകൾ വഴിയും പ്രതിവർഷം 75,000-98,000 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകുന്നതായ കണക്ക് പുറത്തുവന്നു.
വ്യാപാരക്കമ്മി, ഇ20 പെട്രോൾ, ഊർജ പദ്ധതികളിലെ ചൈനീസ് പങ്കാളിത്തം, നിർഭയ ഫണ്ടിലെ കുറവ്, കർഷക സബ്സിഡികൾ വെട്ടിക്കുറക്കൽ തുടങ്ങിയ പ്രധാന വിഷയങ്ങളും ടി.എം.സി എം.പിമാർ പാർലമെന്റിൽ ഉന്നയിച്ചു.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിലെ 28ൽ 20 ലോക്സഭ എം.പിമാരും പാർട്ടി വിട്ടിരുന്നു. ഇവർ എൻ.സി.പി.ഐയിൽ (നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ) ചേർന്ന് ഭരണകക്ഷിയായ എൻ.ഡി.എയുടെ ഭാഗമാകാൻ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് സ്പീക്കർക്ക് കത്ത് നൽകിയെങ്കിലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ എൻ.ഡി.എയുടെ പാർലമെന്ററി പാർട്ടി യോഗത്തിലൊന്നും ഇവർക്ക് പങ്കെടുക്കാനാകില്ല.
ജന്തർ മന്തറിലും ബിഹാറിലും സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ നിലപാടെടുത്തതോടെയാണ് പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.