ഇന്ത്യയുമായി അതിർത്തിപ്പോര് ശക്തം; പക്ഷേ നേപ്പാളിൽ 210 വർഷം പഴക്കമുളള ഉടമ്പടിയുടെ അസൽ രേഖ കാണാനില്ല

ന്യൂഡൽഹി: ബ്രിട്ടീഷ് ഇന്ത്യയുമായുള്ള അതിർത്തി നിർണയിക്കുന്ന സുഗൗളി ഉടമ്പടിയുടെ അസൽ രേഖകൾ കൈവശമുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നേപ്പാൾ സർക്കാർ. ഇന്ത്യ-നേപ്പാൾ അതിർത്തി തർക്കം വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ഉടമ്പടിയുടെ അസൽ രേഖകൾ സംബന്ധിച്ച അനിശ്ചിതത്വം പുറത്തുവരുന്നത്. പാർലമെന്റിലെ അന്വേഷണ സമിതി വിവിധ ആർക്കൈവുകൾ, മന്ത്രാലയങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നടത്തിയ പരിശോധനയിലും ഉടമ്പടിയുടെ അസൽ രേഖ കണ്ടെത്താനായില്ല. 

എന്താണ് സുഗൗളി ഉടമ്പടി

1814–16 കാലഘട്ടത്തിലെ ആംഗ്ലോ-നേപ്പാൾ യുദ്ധത്തിൽ നേപ്പാൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സുഗൗളി ഉടമ്പടി നിലവിൽ വന്നത്. 1815 ഡിസംബറിൽ ഒപ്പുവെച്ച ഉടമ്പടി 1816 മാർച്ചിൽ അംഗീകരിച്ചു. ബ്രിട്ടീഷ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി നിർണയിക്കുന്നതിൽ ഇത് നിർണായകമായി.

നേപ്പാളിന്റെ വാദപ്രകാരം കാളി നദി ലിംപിയാധുരയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതിനാൽ ലിംപിയാധുര, കാലാപാനി, ലിപുലേഖ് എന്നിവ നദിയുടെ കിഴക്കുഭാഗത്തായതിനാൽ നേപ്പാളിന്റെ പ്രദേശങ്ങളാണ് എന്നാണ് അവരുടെ വാദം. എന്നാൽ കാളി നദി ലിപുലേഖ് മേഖലക്ക് താഴെയുള്ള നീരുറവകളിൽ നിന്നാണ് ആരംഭിക്കുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. കാലാപാനി ചരിത്രപരമായി പിത്തോരഗഢ് ജില്ലയുടെ ഭരണപരിധിയിലായിരുന്നുവെന്നതിന് ഭരണ-റവന്യൂ രേഖകളുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഈ പ്രദേശം ഉത്തരാഖണ്ഡിലാണ്.

നേപ്പാൾ പ്രതിനിധിസഭയിൽ,വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ അസൽ സുഗൗളി ഉടമ്പടി നേപ്പാളിന്റെ കൈവശമുണ്ടോ എന്ന് വ്യക്തമായി പറയാനാകില്ലെന്ന് വ്യക്തമാക്കി. ദേശീയ ആർക്കൈവുകളിൽ ചില ഉടമ്പടികളുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിച്ചിട്ടുണ്ടെന്നും അവ ഔദ്യോഗിക ഉടമ്പടികളുടെ അസൽ പകർപ്പുകളാണോ എന്ന് സ്ഥിരീകരിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുഗൗളി ഉടമ്പടിയുടെയും 1950ലെ ഇന്ത്യ–നേപ്പാൾ സമാധാന-സൗഹൃദ ഉടമ്പടിയുടെയും ചില രേഖകൾ നേപ്പാളിന്റെ കൈവശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നു. എന്നാൽ സൗഹൃദ ഉടമ്പടി പുനഃപരിശോധിക്കുന്നതിനുള്ള ചർച്ചകൾ 2016ൽ ആരംഭിച്ചപ്പോൾ അതിന്റെ അസൽ പകർപ്പ് കണ്ടെത്താൻ നേപ്പാളിന് കഴിഞ്ഞില്ല.  2019ൽ അന്നത്തെ നേപ്പാൾ വിദേശകാര്യ മന്ത്രി, ഇരുഉടമ്പടികളുടെയും പകർപ്പുകളുണ്ടെങ്കിലും അവ അസൽ രേഖകളാണോ എന്ന് ഫോറൻസിക് പരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്നായിരുന്നു നിലപാട്.

ഉടമ്പടിയിൽ ലിംപിയാധുരയെ കാളി നദിയുടെ ഉദ്ഭവസ്ഥാനമായി രേഖപ്പെടുത്തിയിട്ടില്ല.നദിയുടെ ഉദ്ഭവസ്ഥാനം നിർണയിക്കുന്നതിന് ഇരുരാജ്യങ്ങളും അംഗീകരിച്ച ഒരു ഭൂപടം ഉടമ്പടിയോടൊപ്പം ഉണ്ടായിരുന്നുവെന്നതിനും തെളിവില്ലെന്നാണ് റിപ്പോർട്ടുകൾ. 2020ലാണ് ഇന്ത്യ–നേപ്പാൾ അതിർത്തി തർക്കം വലിയ രീതിയിൽ രൂക്ഷമായത്. ഉത്തരാഖണ്ഡിൽ നിന്ന് ലിപുലേഖിലേക്കുള്ള റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തതിനെ നേപ്പാൾ ശക്തമായി എതിർത്തു. റോഡ് നേപ്പാളിന്റെ പ്രദേശത്തുകൂടെ കടന്നുപോകുന്നതെന്നായിരുന്നു വാദം. തുടർന്ന് അന്നത്തെ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കി. 

ഇന്ത്യ ഇതിനെ ശക്തമായി എതിർത്തു. ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനമില്ലാത്ത ഏകപക്ഷീയമായ നടപടിയാണിതെന്നും നേപ്പാളിന്റെ ഭൂപ്രദേശ അവകാശവാദങ്ങളുടെ “കൃത്രിമ വിപുലീകരണം” അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇതോടെ  ഇന്ത്യ–നേപ്പാൾ ബന്ധത്തിൽ വലിയ വിള്ളലുണ്ടായി.

അടുത്തിടെ ലിപുലേഖ് വഴി വ്യാപാരം പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ധാരണയിലെത്തിയതും നേപ്പാളിന്റെ പ്രതിഷേധത്തിന് കാരണമായി. ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവ തങ്ങളുടെ അവിഭാജ്യ പ്രദേശങ്ങളാണെന്ന നിലപാടാണ് നേപ്പാൾ ആവർത്തിക്കുന്നത്. ഇതിനിടെയാണ് സുഗൗളി ഉടമ്പടിയുടെ അസൽ രേഖകൾ കൈവശമുണ്ടോ എന്ന് പോലും സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നേപ്പാൾ സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - Border Dispute With India: Document Supporting Nepal's Claim Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.