ഹാരിസ് ബീരാൻ എം.പി
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ ബി.ജെ.പി അംഗം ഡോ. സുധാൻഷു ത്രിവേദി മുസ്‌ലിം ലീഗിനെതിരെ നടത്തിയ വിദ്വേഷ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ഹാരിസ് ബീരാൻ എം.പി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ സി.പി. രാധാകൃഷ്ണന് അദ്ദേഹം കത്ത് നൽകി.
സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്ന് മാറ്റുന്ന ബില്ലിന്മേലുള്ള ചർച്ചക്കിടെയാണ് സുധാൻഷു ത്രിവേദി ലീഗിനെതിരെ വിദ്വേഷ പരാമർശം നടത്തിയത്. ആഗസ്റ്റ് 12ന് ഉച്ചക്ക് ശേഷം രാജ്യസഭയിൽ നടന്ന ചർച്ചക്കിടെ സുധാൻഷു നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ചരിത്രവിരുദ്ധവും വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതും ആണെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടി.
‘കേരള’ എന്ന പേര് ‘കേരളം’ എന്ന് മാറ്റുന്ന ബില്ലിനെ സഭ ഏകകണ്ഠമായാണ് സ്വാഗതം ചെയ്തത്. എന്നാൽ, ഈ ചർച്ചയിൽ ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും മുസ്‌ലിം ലീഗിനെ അധിക്ഷേപിക്കാനാണ് ബി.ജെ.പി അംഗം ശ്രമിച്ചത്. രാജ്യസഭയും ലോക്സഭയും പാസാക്കിയ ബിൽ നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.
രാജ്യസഭ നടപടിച്ചട്ടങ്ങളിലെ ഗ്രൂപ് 110, 124, 240 എന്നിവ പ്രകാരം സഭയിൽ നടക്കുന്ന ചർച്ചയുമായി നേരിട്ട് ബന്ധമുള്ള വിഷയങ്ങളിൽ മാത്രമേ അംഗങ്ങൾ സംസാരിക്കാൻ പാടുള്ളൂ. എന്നാൽ, പേരുമാറ്റുന്ന വിഷയത്തിൽ നടന്ന ചർച്ചക്കിടെ, ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുകയും മതേതരത്വത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന പരാമർശങ്ങളാണ് സുധാൻഷു നടത്തിയത്. ചട്ടങ്ങൾക്ക് വിരുദ്ധവും അനാവശ്യവുമായ ഇത്തരം പ്രസ്താവനകൾ സഭാ രേഖകളിൽ സൂക്ഷിക്കുന്നത് ശരിയല്ലെന്നും, അതിനാൽ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും ഹാരിസ് ബീരാൻ രാജ്യസഭ അധ്യക്ഷനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.