മേഥാ പൃഥ്വിരാജ്
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് വീണ മലയാളി യുവതി ചരക്കുവാഹനം കയറി മരിച്ചു. തരിയോട് സെൻറ് മേരീസ് സ്കൂൾ റിട്ട. അധ്യാപകനും മുൻ പഞ്ചായത്തംഗവും എൻ.സി.പി (എസ്.പി) ജില്ലാ സെക്രട്ടറിയും ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മൊടക്കല്ലൂരിന്റെ മകൾ മേഥാ പൃഥ്വിരാജ് ആണ് മരിച്ചത്. 30 വയസായിരുന്നു.
ബംഗളൂരുവിന് സമീപം ഹെബ്ബഗോഡിയിൽ സ്കൂട്ടറിൽനിന്ന് റോഡിലേക്ക് വീണ മേധയുടെ ശരീരത്തിലൂടെ പിന്നിൽനിന്നെത്തിയ ചരക്കുവാഹനം കയറുകയായിരുന്നു. ബുധനാഴ്ച രാവിലെ സ്കൂട്ടറിൽ ഓഫിസിലേക്ക് പോകവെയാണ് അപകടം. മേധയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സെൻട്രൽ പ്രോവിഡൻറ് ഫണ്ട് ഓഫിസ് ഉദ്യോഗസ്ഥയാണ്.
ഭർത്താവ്: എസ്.എൽ. ആകർഷ് (ബംഗളൂരു). മകൻ: ദക്ഷ് ആകർഷ്. അമ്മ: ഉഷ (റിട്ട. അധ്യാപിക ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ തരിയോട്). സഹോദരൻ: ഗൗതം പൃഥ്വിരാജ് (എം.ബി.എ വിദ്യാർഥി പോണ്ടിച്ചേരി).
അപകടത്തിന് പിന്നാലെ പ്രദേശവാസികൾ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇലക്ട്രോണിക് സിറ്റി, അനന്തനഗർ മേഖലകളിലെ റോഡുകളിൽ നിരവധി കുഴികളുണ്ടെന്നും വർഷങ്ങളായി അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാർ റോഡ് ഉപരോധിക്കുകയും അടിയന്തരമായി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റോഡുകൾ ഇടക്കിടെ കുഴിച്ചശേഷം പുനർനിർമാണം നടത്താത്തതാണ് പ്രശ്നം രൂക്ഷമാക്കിയതെന്നും പ്രദേശവാസികൾ പറഞ്ഞു.
അതേസമയം, സംഭവത്തിൽ കർണാടക മന്ത്രി സന്തോഷ് ലാഡ് ദുഃഖം രേഖപ്പെടുത്തി. റോഡിൽ കുഴിയുണ്ടെന്നത് നിഷേധിക്കുന്നില്ലെന്നും എന്നാൽ ഒരു കുഴിയുണ്ടെന്നത് കൊണ്ട് മുഴുവൻ അടിസ്ഥാനസൗകര്യങ്ങളും മോശമാണെന്ന് പറയാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു. റോഡ് വികസനത്തിനായി സർക്കാർ വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.