ബംഗളൂരു ദുരന്തം: ആർ‌.സി‌.ബിയിലെ ഉന്നത ഉദ്യോഗസ്ഥനുൾപ്പെടെ നാലു പേർ അറസ്റ്റിൽ

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർ.സി.ബി) ടീമിന്റെ ആദ്യ ഐ.പി.എൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ആർ‌.സി‌.ബിയിലെ ഉന്നത മാർക്കറ്റിങ് ഉദ്യോഗസ്ഥനായ നിഖിൽ സൊസാലെയും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്. മുംബൈയിലേക്ക് പോകുന്നതിനിടെ രാവിലെ 6.30 ഓടെ ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. അറസ്റ്റിലായ ബാക്കിയുള്ളവർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനിൽ മാത്യു, കിരൺ, സുമന്ത് എന്നിവരാണ്.

മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് അറസ്റ്റ് ഉണ്ടായത്. ആർ‌.സി.‌ബി ടീം, ഡി‌.എൻ‌.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ‌.എസ്‌.സി‌.എ) എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഉത്തരവിട്ടത്. ഡെപ്യൂട്ടി പൊലീസ് കമീഷണർ അക്ഷയ് യുടെ നേതൃത്വത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് രാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലാണ് അറസ്റ്റ് നടന്നത്. പ്രതികളെ ഇന്ന് ക്രൈം ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കൈമാറാൻ സാധ്യതയുണ്ട്.

കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ രണ്ട് ഉദ്യോഗസ്ഥരായ സെക്രട്ടറി ശങ്കർ, ട്രഷറർ ജയറാം എന്നിവർ ഒളിവിലാണ്. അവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇരുവരെയും അവരുടെ വീടുകളിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം ആർ‌.സി‌.ബിയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ധാരാളം ആളുകൾ സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. സംഭവത്തിൽ 60 ലധികം പേർക്ക് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് കമീഷണർ ബി. ദയാനന്ദയെയും മറ്റ് നിരവധി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിരുന്നു.

സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി മുറവിളി കൂട്ടുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ നടപടി. ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഭരണകക്ഷിയായ കോൺഗ്രസിന്റെ ആരോപണം.

Tags:    
News Summary - Top RCB Official Among 4 Arrested By Bengaluru Cops Over Deadly Stampede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.