ആശാറാം ബാപ്പു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് ലഭിച്ചത് 2,000 ഭീഷണിക്കത്തുകൾ

ജോധ്പൂർ: വിവാദ ആൾദൈവം ആശാറാം ബാപ്പുവിന്‍റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ അജയ് പാൽ ലംബക്ക് ലഭിച്ചത് രണ്ടായിരം ഭീഷണിക്കത്തുകളും നൂറോളം ഫോൺ വിളികളും. 2013ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിലാണ് ആശാറാം ബാപ്പുവിനെ രാജസ്ഥാനിലെ ജോധ്പൂർ കോടതി കുറ്റക്കാരനായി വിധിച്ചത്. 

തന്‍റെ ഫ്രഫഷനിലെ ഏറ്റവും വലിയ  സംഭവം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കേസിന്‍റെ അന്വേഷണ ചുമതല തന്നെ ഏൽപ്പിച്ചത് 2013ലായിരുന്നുവെന്ന് ലംബ ഓർക്കുന്നു. ജോധ്പുർ വെസ്റ്റിൽ പൊലീസ് കമീഷണറായിരുന്നു ലംബ അന്ന്. കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലും ബാപ്പുവിന്‍റെ അനുയായികളിൽ നിന്നും നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ലംബ പറഞ്ഞു. 

'ആശാറാമിന് എന്തെങ്കിലും സംഭവിച്ചാൽ തന്നേയും കുടുംബത്തേയും കൊല്ലുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഫോണിലൂടെയും നിരന്തരം ഭീഷണികൾ വരാൻ തുടങ്ങിയതോടെ പരിചയമുള്ള നമ്പറുകളിൽ നിന്നുള്ള കോളുകൾ മാത്രമേ എടുക്കാറുള്ളൂ. ഉദയ്പൂരിലേക്ക് സ്ഥലംമാറ്റം കിട്ടയതോടെയാണ് കത്തുകൾ നിലച്ചത്. ആ സമയത്ത് മകളെ സ്കൂളിലയച്ചിരുന്നില്ല. ഭാര്യ വീട്ടിൽ നിന്നും പുറത്തിറങ്ങാറേയില്ല.' ലംബ പറഞ്ഞു.

സാക്ഷികളിലൊരാളെ കൊലപ്പെടുത്തിയതിന് പിടിയിലായ പ്രതി, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെയാണ് അടുത്തതായി കൊലപ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തിയതായും ലംബ പറഞ്ഞു. 

2013 ആഗസ്റ്റിലാണ്  വിവാദ ആൾദൈവം ആശാറാം ബാപ്പു 16 വയസ്സുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്. ബലാൽസംഗം, തടവിലാക്കൽ, ലൈംഗിക പീഡനം, മനുഷ്യക്കടത്ത്, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ബാപ്പുവിന്‍റെ മേൽ ചുമത്തപ്പെട്ടത്. പരാതി ലഭിച്ച് 10 ആഴ്ചകൾക്കുള്ളിൽ ബാപ്പുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു.

കേസിൽ രാഷ്ട്രീയ ഇടപെടലുകളൊന്നും നടന്നില്ലെങ്കിലും  ബാപ്പുവിന്‍റെ ഇൻഡോറിലെ ആശ്രമത്തിൽ നിന്നും എപ്പോഴും ഭീഷണി നിലനിന്നിരുന്നു. ജോധ്പൂരിൽ നിന്നും ബാപ്പുവിനെ അറസ്റ്റ് ചെയ്യുക എന്നത് പൊലീസിന് കടുത്ത വെല്ലുവിളിയായിരുന്നു.

അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ആശ്രമത്തിൽ എത്തിയ 11 അംഗ പൊലീസ് സംഘത്തിന് 8,000ത്തോളം വരുന്ന അനുയായി വൃന്ദത്തെ നേരിടേണ്ടി വന്നു. ആ ചെറിയ കഷണം കടലാസ് കൈമാറാൻ ഏകദേശം 10 മണിക്കൂറോളം പ്രയത്നിക്കേണ്ടിവന്നു. 

മാധ്യമങ്ങളുടെ സമയോചിതമായ ഇടപെടൽ അനുയായികളെ പുനർവിചിന്തനത്തിന് ഇടയാക്കി എന്നാണ് കരുതുന്നത്. 2013 ആഗസ്റ്റ് 30ന് ആശ്രമത്തിനകത്ത് കയറി പൊലീസ് ബാപ്പുവിനെ അറസ്റ്റ് ചെയ്തുവെന്നും ലംബ പറഞ്ഞു.

79കാരനായ ആശാറാം ബാപ്പു 56 മാസങ്ങളായി ജോധ്പൂർ സെൻട്രൽ ജയിലിലാണ് ഉള്ളത്. 

Tags:    
News Summary - Top cop who led probe in Asaram rape case received 2,000 threat letters, phone calls-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.