ന്യൂഡൽഹി: മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യെപ്പട്ട് ഡൽഹി അതിർത്തിയിൽ നടത്തുന്ന സമരം അടിച്ചമർത്തുന്നതിനെതിരെ കർഷകർ ശനിയാഴ്ച രാജ്യമൊട്ടുക്കും റോഡ് സ്തംഭിപ്പിക്കും. ചക്കാ ജാം എന്ന പേരാണ് ഇൗ സമരത്തിന് നൽകിയിരിക്കുന്നത്. ഉച്ചക്ക് 12ന് തുടങ്ങുന്ന റോഡ് സ്തംഭിപ്പിക്കൽ മൂന്ന് മണിക്ക് ഒരു മിനിറ്റ് തുടർച്ചയായി ഹോൺ അടിച്ചായിരിക്കും അവസാനിപ്പിക്കുകയെന്ന് സംയുക്ത സമരസമിതി അറിയിച്ചു. പൊലീസ്, അതിർത്തികൾ അടച്ച ഡൽഹിയെ റോഡ് തടയലിൽനിന്ന് ഒഴിവാക്കി.
സമരത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. റോഡ് തടയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മൂന്ന് നിർദേശങ്ങൾ നൽകി.
പ്രധാന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ ഉറപ്പാക്കുക, ഡൽഹി, യു.പി, ഹരിയാന പൊലീസുകൾ ഏകോപനത്തോടെ പ്രവർത്തിക്കുക, സമരക്കാർക്കെതിരെ കുറഞ്ഞ പൊലീസ് ബലം പ്രയോഗിക്കുക എന്നിവയാണ് നിർദേശം. അതേസമയം, സിംഘുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച സമരത്തിന് അഞ്ച് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഒന്ന്) ഉച്ചക്ക് 12 മുതൽ മൂന്ന് വരെ സംസ്ഥാന, ദേശീയപാതകൾ മാത്രമാണ് സ്തംഭിപ്പിക്കുക. രണ്ട്) ആംബുലൻസുകൾ, സ്കൂൾ ബസുകൾ എന്നിവ തടയില്ല മൂന്ന്) സമരം പൂർണമായും സമാധാനപൂർണവും അക്രമരഹിതവുമായിരിക്കും. സർക്കാർ ഉദ്യോഗസ്ഥരുമായും സാധാരണ ജനങ്ങളുമായും ഒരു തരത്തിലും സംഘർഷമുണ്ടാക്കില്ല.
നാല്) ഡൽഹിയിൽ അതിർത്തി അടച്ച റോഡുകളിൽ മാത്രം ഗതാഗതം തടയും. മറ്റു റോഡുകളിൽ ഗതാഗതം അനുവദിക്കും.
അഞ്ച്) കർഷകരുടെ െഎക്യം വിളിച്ചോതി മൂന്ന് മണിക്ക് എല്ലാ വാഹനങ്ങളും ഒരു മിനിറ്റ് നേരം തുടർച്ചയായി ഹോൺ മുഴക്കി റോഡ് സ്തംഭിപ്പിക്കൽ സമരം അവസാനിപ്പിക്കും. സമരം സമാധാനപൂർണമായിരിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
സർക്കാർ മുന്നോട്ടുവെച്ച വാഗ്ദാനത്തിൽ കർഷകർ തീരുമാനം അറിയിച്ച ശേഷമേ അടുത്ത ചർച്ചയുണ്ടാകൂവെന്ന് കേന്ദ്ര കൃഷി മന്ത്രി നേരന്ദ്ര സിങ് തോമർ. കർഷക യൂനിയനുമായി സംഭാഷണവുമായി മുന്നോട്ടുപോകുകയായിരുന്നു. സർക്കാർ നൽകിയ വാഗ്ദാനം അവരുടെ പക്കലുണ്ട്. അതിൽ അവർ ചർച്ച നടത്തി പ്രതികരണവുമായി വരുേമ്പാൾ തങ്ങൾ ഇരുന്ന് ഒരു പരിഹാരം കാണും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.