19,300 രൂപ പിൻവലിക്കാൻ സഹോദരിയുടെ അസ്ഥികൂടം തോളിലേറ്റി ബാങ്കിലേക്ക്; ഒഡീഷയിൽനിന്നൊരു കണ്ണീർ കാഴ്ച


കിയോഞ്ജർ (ഒഡീഷ): നിയമങ്ങളുടെയും രേഖകളുടെയും ലോകത്ത് മാനുഷിക പരിഗണന ഇല്ലാതായപ്പോൾ, മരിച്ച സഹോദരിയുടെ അസ്ഥികൂടം തോളിലേറ്റി ഒരു മനുഷ്യൻ ബാങ്കിന്റെ പടി കയറി. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഡയാനാലി ഗ്രാമവാസിയായ ജിതു മുണ്ടയാണ് തന്റെ സഹോദരിയുടെ അക്കൗണ്ടിലുള്ള 19,300 രൂപ പിൻവലിക്കാനായി കത്തുന്നവെയിലിൽ കിലോമീറ്ററുകളോളം അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിയത്.

മല്ലിപ്പസിയിലെ ഒഡീഷ ഗ്രാമീൺ ബാങ്കിലായിരുന്നു ജിതുവിന്റെ സഹോദരി കക്ര മുണ്ടക്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. ഏകദേശം രണ്ട് മാസം മുമ്പാണ് കക്ര മരിച്ചത്. അവരുടെ ഭർത്താവും മകനും നേരത്തെ മരിച്ചതിനാൽ ഏക അവകാശി ജിതു മാത്രമായിരുന്നു. എന്നാൽ, നിരക്ഷരനായ ജിതുവിന് തന്റെ കൈവശം ആവശ്യമായ രേഖകളില്ലാത്തത് വിനയായി.

സഹോദരിയുടെ ചികിത്സക്കും മറ്റുമായുണ്ടായിരുന്ന തുക പിൻവലിക്കാൻ ജിതു ബാങ്കിനെ സമീപിച്ചെങ്കിലും മാനേജർ അത് നിരസിച്ചു. അക്കൗണ്ട് ഉടമ നേരിട്ട് എത്തണമെന്നോ അല്ലെങ്കിൽ നിയമപരമായ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നോ ആയിരുന്നു ബാങ്കിന്റെ നിലപാട്. സങ്കീർണമായ ഈ പ്രക്രിയകൾ മനസ്സിലാക്കാൻ കഴിയാത്ത ജിതു അന്ന് നിസ്സഹായനായി മടങ്ങി.

തന്റെ മുന്നിൽ മറ്റ് വഴികളില്ലെന്ന് കണ്ട ജിതു, തിങ്കളാഴ്ച ഗ്രാമത്തിലെ ശ്മശാനത്തിലെത്തി സഹോദരിയുടെ അവശിഷ്ടങ്ങൾ കുഴിച്ചെടുത്തു. വെളുത്ത തുണിയിൽ പൊതിഞ്ഞ ആ അസ്ഥികൂടം തോളിലേറ്റി കൊടും വെയിലിൽ മൂന്ന് കിലോമീറ്റർ നടന്നാണ് അയാൾ ബാങ്കിലെത്തിയത്.

ബാങ്ക് പരിസരത്ത് ഈ കാഴ്ച കണ്ട് നാട്ടുകാർ സ്തബ്ധരായി. ചിലർ പൊട്ടിക്കരഞ്ഞപ്പോൾ മറ്റു ചിലർ ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ രൂക്ഷമായി പ്രതിഷേധിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ജിതുവിനെ ശാന്തനാക്കുകയും അസ്ഥികൂടം ഏറ്റെടുക്കുകയും ചെയ്തു. കേസ് മാനുഷിക പരിഗണനയോടെ കൈകാര്യം ചെയ്യുമെന്നും ബാങ്കിനോട് വിശദീകരണം തേടുമെന്നും അറിയിച്ചു.

Tags:    
News Summary - Odisha Man Carries Sister's Skeleton to Bank to Withdraw Money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.