അവിഹിത ബന്ധത്തെച്ചൊല്ലി തർക്കം: ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി ഇരുമ്പ് പെട്ടിയിലാക്കി; രണ്ടുപേർ അറസ്റ്റിൽ

ഗുരുഗ്രാം: അവിഹിത ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 24 കാരനായ ഡെലിവറി ഏജന്റിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ഇരുമ്പ് പെട്ടിയിലൊളിപ്പിച്ചു. ബിഹാർ സഹർസ സ്വദേശിയായ അമൻ ആണ് കൊല്ലപ്പെട്ടത്.ഗുരുഗ്രാം സെക്ടർ 54ലെ ബഞ്ചാര മാർക്കറ്റിന് സമീപമാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശികളായ സോനു കുമാർ (19), മുഹമ്മദ് മിറാജ് (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 25ന് പുലർച്ചെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമന്റെ ഭാര്യ സുനിതയുമായി പ്രതിയായ സോനുവിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ ബന്ധത്തെക്കുറിച്ച് അമൻ അറിഞ്ഞത് സോനുവും അമനും തമ്മിലുള്ള തർക്കത്തിന് കാരണമായിരുന്നു. അമൻ പ്രതികാരം ചെയ്യുമെന്ന് ഭയന്ന സോനു, സുഹൃത്തായ മിറാജിനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

സംഭവദിവസം രാവിലെ അമൻ തനിച്ചായിരുന്ന സമയത്ത് പ്രതികൾ വീട്ടിലെത്തുകയും ഒരാൾ കാലുകൾ പിടിച്ചുവെച്ച് മറ്റൊരാൾ കഴുത്തുഞെരിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി പൂട്ടി പ്രതികൾ കടന്നുകളഞ്ഞു. ഞായറാഴ്ച വൈകുന്നേരം ഭാര്യ സുനിത തന്നെയാണ് വിവരം അമന്റെ സഹോദരനെ വിളിച്ചറിയിച്ചത്. സഹോദരൻ സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.

കൊല്ലപ്പെട്ട അമനും പ്രതികളും ഒരേ വീട്ടിലായിരുന്നു താമസം. സോനുവും മിറാജും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിൽ അമന്റെ ഭാര്യ സുനിതക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംശയത്തിന്റെ അടിസ്ഥാനത്തിൽ സുനിതയെ ചോദ്യം ചെയ്തുവരികയാണെന്നും തെളിവ് ലഭിച്ചാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Delivery agent killed and put in iron box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.