ന്യൂഡൽഹി: ബി.ജെ.പിയിൽ ലയിച്ച ഏഴ് ആം ആദ്മി പാർട്ടി എം.പിമാരുടെ രേഖയിലുള്ള സമ്പത്ത് മാത്രം കണക്കാക്കിയപ്പോൾ ഒരാളുടെ മാത്രം ശരാശരി ആസ്തി 818.5 കോടി രൂപയാണെന്നും സാധാരണക്കാരുടെ പാർട്ടി എന്ന പേര് മാറ്റി കോടീശ്വരന്മാരുടെ പാർട്ടി എന്നാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടിക്കെതിരായ ആക്രമണം കടുപ്പിച്ച് കോൺഗ്രസ്. പഞ്ചാബിൽ ഒരു കാലത്തും ഭരിക്കാൻ കഴിയാത്ത 6.6 ശതമാനം മാത്രം വോട്ട് ലഭിച്ച ബി.ജെ.പിക്ക് ആ സംസ്ഥാനത്തിന്റെ 85.7 ശതമാനം പ്രാതിനിധ്യം രാജ്യസഭയിലുണ്ടാക്കിക്കൊടുത്തു എന്നതാണ് ആപ് കോടീശ്വരന്മാർക്ക് ടിക്കറ്റ് വിറ്റതിന്റെ ആത്യന്തിക ഫലമെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ വാർത്തസമ്മേളനത്തിൽ കടന്നാക്രമിച്ചു.
ഈ ഏഴുപേരുടെയും സത്യവാങ്മൂലങ്ങൾ എടുത്താണ് അവരുടെ മൊത്തം ആസ്തി നോക്കി അതിന്റെ ശരാശരി 818.5 കോടിയാണെന്ന് കണ്ടെത്തിയതെന്ന് മാക്കൻ പറഞ്ഞു.
2017ൽ കോൺഗ്രസ് വിട്ടുപോയ സുശീൽ ഗുപ്ത എന്ന കോടീശ്വരന് ഒരു മാസത്തിനുള്ളിൽ കെജ്രിവാൾ രാജ്യസഭാ സീറ്റ് നൽകി. പ്രശാന്ത് ഭൂഷണിനും യോഗേന്ദ്ര യാദവിനും പ്രഫസർ ആനന്ദ് കുമാറിനും അശുതോഷിനും കുമാർ വിശ്വാസിനുമൊന്നും രാജ്യസഭാ സീറ്റ് നൽകാതെയാണ് ആസ്തി നോക്കി ആം ആദ്മി പാർട്ടി ടിക്കറ്റ് വിറ്റത്. സമ്പത്തിന്റെ അടിസ്ഥാനത്തിൽ മാത്രം രാജ്യസഭ നൽകിയാൽ പഞ്ചാബിലെ എം.പിമാരുടെ കാര്യത്തിൽ സംഭവിച്ചത് ഇനിയുമുണ്ടാകുമെന്നും പണം നൽകി ടിക്കറ്റ് നേടിയവരെ പാർട്ടിയിൽ പിടിച്ചുനിർത്താനാവില്ലെന്നും അജയ് മാക്കൻ മുന്നറിയിപ്പ് നൽകി.
പണം വാങ്ങി രാജ്യസഭ ടിക്കറ്റ് വ്യാപാരം നടത്തിയതുകൊണ്ടാണ് അങ്ങനെ എം.പിമാരായ ഏഴ് രാജ്യസഭാംഗങ്ങൾ ബി.ജെ.പിയിലേക്ക് പോയതെന്നും ഇതിലൂടെ ആം ആദ്മി പാർട്ടി ബി.ജെ.പിയുടെ ബി പാർട്ടി എന്നിടത്തുനിന്ന് എ പാർട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.