ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി 'സ്ത്രീവിരുദ്ധ'മാണെന്ന് ശശി തരൂർ എം.പി തന്നോട് സമ്മതിച്ചവെന്ന് എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. പാർലമെന്റ് സമ്മേളനത്തിനു ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് കോൺഗ്രസ് എം.പി തന്നോട് ഇക്കര്യം സമ്മതിച്ചതെന്നും റിജിജു വാർത്താ ഏജൻസിയായ എ.എൻ.ഐയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
'കോൺഗ്രസ് സ്ത്രീവിരുദ്ധമായിരിക്കാമെന്ന് ശശി തരൂർ പറഞ്ഞു. പക്ഷേ ഒരു സ്ത്രീയും ശശി തരൂരിനെ സ്ത്രീവിരുദ്ധനായി കണക്കാക്കില്ല' -റിജിജു പറഞ്ഞു. വിലയിരുത്തലിനോട് താൻ യോജിക്കുന്നുവെന്നും റിജിജു പറഞ്ഞു.
കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്ന് തരൂർ അംഗീകരിച്ചോ എന്ന് ചോദിച്ചപ്പോൾ ‘അതാണ് അദ്ദേഹം ഉദ്ദേശിച്ചത്... ഒരു തരത്തിൽ കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്ന് അദ്ദേഹം അംഗീകരിച്ചു. അദ്ദേഹം സ്ത്രീവിരുദ്ധനല്ല, മറിച്ച് അദ്ദേഹത്തിന്റെ പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് ഞാനും അംഗീകരിച്ചു.’ എന്നായിരുന്നു റിജിജുവിന്‍റെ മറുപടി.ഏപ്രിൽ 18 ന് ശശി തരൂർ എക്സിൽ പങ്കിട്ട ഒരു ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് റിജിജുവിന്റെ പരാമർശങ്ങൾ. വനിതാ സംവരണ ബില്ല് മാറ്റിവച്ചതിന് ശേഷം പാർലമെന്‍റിൽ നിന്ന് കിരിൺ റിജിജുവിനൊപ്പമുള്ള ഫോട്ടോ സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച തരൂർ, സ്വീകാര്യനായ പാർലമെന്ററി കാര്യ മന്ത്രി എന്ന് വിശേഷിപ്പിച്ചിരുന്നു.
" കിരൺ റിജിജു പ്രതിപക്ഷത്തെ "സ്ത്രീ വിരുദ്ധർ" എന്ന് വിളിക്കുന്നതിന്റെ കാരണം വിശദീകരിച്ചപ്പോൾ, ആരും എന്നെ ഒരിക്കലും സ്ത്രീ വിരുദ്ധൻ എന്ന് വിളിക്കാൻ പാടില്ല എന്ന് അദ്ദേത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം കാര്യം സമ്മതിച്ചു…" തരൂർ ഫോട്ടൊ പങ്കുവെച്ച് എക്സിൽ കുറിച്ചിരുന്നു. വനിതകൾ മെച്ചപ്പെട്ട മാതൃകകളാണെന്നും പാർലമെന്റിലും എല്ലാ സ്ഥാപനങ്ങളിലും അവർക്ക് പ്രാതിനിധ്യം അർഹിക്കുന്നുവെന്നും എന്നാൽ അവരുടെ മുന്നേറ്റത്തെ ജനാധിപത്യത്തെ തകർക്കുന്ന ദുഷ്ടവും അപകടകരവുമായ മണ്ഡല പുനഃർനിർണയുവായി ബന്ധിപ്പിക്കരുതെന്നും തരൂർ എക്സിൽ എഴുതിയിരുന്നു.
വനിതാ സംവരണ- മണ്ഡല പുനർനിർണയ ബിൽ ഈ മാസം ആദ്യം ലോക്സഭയിൽ അവതരിപ്പിച്ചു. 17ന് നടത്തിയ വോട്ടെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാതെ ബിൽ മാറ്റിവെക്കുകയായിരുന്നു. ഇതോടെ സ്ത്രീകളുടെ അവകാശങ്ങൾ തടഞ്ഞുവെന്ന് ആരോപിച്ച് കോൺഗ്രസിനെതിരെ ബി.ജെ.പി കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിച്ച പ്രതിപക്ഷത്തിന് രാജ്യത്തെ സ്ത്രീകൾ അർഹമായ മറുപടി നൽകുമെന്ന് കിരൺ റിജിജു വ്യക്തമാക്കി. ഭരണഘടനാ ഭേദഗതിയിലൂടെ (131-ാം ഭേദഗതി) വനിതാ സംവരണം നടപ്പിലാക്കാൻ ലോക്സഭാ സീറ്റുകൾ 543-ൽ നിന്ന് 816-ലേക്ക് വർദ്ധിപ്പിക്കാനുള്ള നീക്കത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ എതിർത്തു പരാജയരപ്പെടുത്തുകയായിരുന്നു. ബില്ലിനെ അനുകൂലിച്ച് 298 പേർ വോട്ട് ചെയ്തപ്പോൾ 230 പേർ എതിർത്തും വോട്ട് ചെയ്തു. ഇതോടെ ബിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.