ന്യൂഡൽഹി: അത്യപൂർവവും കോടതിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാവുന്നതുമായ നടപടിയിൽ, ‘പക്ഷപാതി’യായ ഡൽഹി ഹൈകോടതി ജഡ്ജിക്ക് മുമ്പാകെ മദ്യനയ കേസിൽ ഹാജരാകില്ലെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ആർ.എസ്.എസുമായും കേന്ദ്ര സർക്കാറുമായും അടുത്ത ബന്ധമുള്ള ജസ്റ്റിസ് സ്വർണകാന്ത ശർമ തന്റെ കേസ് പരിഗണിക്കുന്നതിൽനിന്ന് പിന്മാറണമെന്ന ആവശ്യം ഈ മാസം 20ന് അവർ തള്ളിയതിനെ തുടർന്നാണ് ഈ ബെഞ്ച് മുമ്പാകെ താൻ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകില്ലെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമക്കുതന്നെ കത്തയച്ചത്.
ജസ്റ്റിസ് ശർമയിൽനിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ തകർന്നുവെന്നും അതിനാൽ, മഹാത്മാ ഗാന്ധിയുടെ സത്യഗ്രഹ പാത പിന്തുടരുകയാണെന്നും കത്തിൽ വ്യക്തമാക്കിയ കെജ്രിവാൾ, ഉചിതമെന്ന് തോന്നുന്നത് ചെയ്യാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. ഡൽഹി മദ്യനയ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ പക്ഷപാതത്തിന് ഉപോദ്ബലകമായി കേന്ദ്ര സർക്കാറുമായും ആർ.എസ്.എസുമായും അവർക്കുള്ള ബന്ധമാണ് കെജ്രിവാൾ ചൂണ്ടിക്കാട്ടിയിരുന്നത്. ജഡ്ജിയുടെ മക്കൾ മോദി സർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് കീഴിൽ സർക്കാർ അഭിഭാഷകരായി ജോലി ചെയ്യുകയാണെന്നും കേന്ദ്രത്തിനായി നിരവധി കേസുകൾ അവർ നടത്തുന്നുണ്ടെന്നും അത്തരമൊരു ജഡ്ജിയിൽ താൽപര്യങ്ങളുടെ ഏറ്റുമുട്ടലുണ്ടാകുമെന്നുമാണ് കെജ്രിവാളിന്റെ പക്ഷം. മദ്യനയ കേസിൽ പ്രോസിക്യൂട്ടിങ് അതോറിറ്റി കേന്ദ്രമാണെന്നും അതുകൊണ്ടാണ് താൽപര്യങ്ങളുടെ ഏറ്റുമുട്ടലെന്നും കെജ്രിവാൾ വിശദമാക്കി.
ഇതിന് തെളിവായി 2023നും 2025നുമിടയിൽ ജഡ്ജിയുടെ മകൻ കേന്ദ്രത്തിനായി നടത്തിയ കേസുകൾ സംബന്ധിച്ച വിവരാവകാശ മറുപടിയുമുണ്ട്. ഇത് കൂടാതെ ആദർശപരമായി ആം ആദ്മി പാർട്ടിയുടെ എതിർപക്ഷത്തുള്ള ആർ.എസ്.എസിന് കീഴിലുള്ള അഭിഭാഷക സംഘടനയായ അഖിൽ ഭാരതീയ അധിവക്ത പരിഷത്ത് (എ.ബി.എ.പി) സംഘടിപ്പിച്ച നിരവധി ചടങ്ങുകളിൽ ജഡ്ജി പങ്കെടുത്തിട്ടുമുണ്ട്.
എന്നാൽ, ‘ജഡ്ജിയെ ജഡ്ജ് ചെയ്ത്’ സമ്മർദത്തിലാക്കാനുള്ള ശ്രമത്തിന് കീഴടങ്ങില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് സ്വർണകാന്ത ശർമ കെജ്രിവാളിന്റെ അപേക്ഷ തള്ളുകയായിരുന്നു. ജഡ്ജിയുടെ മക്കളുടെ തൊഴിൽപരമായ സ്വാതന്ത്ര്യം ഒരു ജഡ്ജിയുടെ ഉത്തരവാദിത്ത നിർവഹണത്തിന് തടസ്സമല്ലെന്നും അവർ വ്യക്തമാക്കി. ഫെബ്രുവരി 27ന് കെജ്രിവാളിനെയും 22 പ്രതികളെയും കുറ്റമുക്തരാക്കിയ വിചാരണ കോടതി വിധി കേന്ദ്ര സർക്കാറിന്റെ ആവശ്യപ്രകാരം അടിയന്തരമായി സ്റ്റേ ചെയ്തത് ജസ്റ്റിസ് സ്വർണ കാന്ത ശർമയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.