കൊൽക്കത്ത: പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയെ ‘ചേരികളുടെ നഗരം’ എന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധം. ബംഗാളിലെ മണ്ഡലമായ ഡം ഡമ്മിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അമിത് ഷാ കൊൽക്കത്തയെ ചേരികളുടെ നഗരം എന്ന് വിശേഷിപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാക്കളും രാജ്യസഭ എം.പിമാരുമായ ഡെറിക് ഒബ്രയൻ, സാഗരിക ഘോഷ് എന്നിവരാണ് അമിത് ഷാക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അമിത് ഷായെ ‘രാഷ്ട്രീയ വിനോദസഞ്ചാരി’, ‘ബംഗാൾ വിരുദ്ധൻ’ എന്നിങ്ങനെ ഡെറിക് ഒബ്രയൻ വിശേഷിപ്പിച്ചു. ആഭ്യന്തര മന്ത്രി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു വിമർശനം. മൂന്നാംക്ലാസ് രാഷ്ട്രീയ വിനോദ സഞ്ചാരിയായ അമിത് ഷാക്ക് കൊൽക്കത്തയെ ചേരികളുടെ നഗരം എന്ന് വിളിക്കാൻ എത്ര ധൈര്യമുണ്ടെന്നായിരുന്നു ഒബ്രയാന്റെ പോസ്റ്റ്.
ഡെറിക് ഒബ്രയാന്റെ പോസ്റ്റ് പങ്കുവെച്ച് സാഗരിക ഘോഷും അമിത് ഷാക്കെതിരെ വിമർശനവുമായി രംഗത്തെത്തി. എന്തൊരു വൃത്തികെട്ട മൂന്നാം കക്ഷിക്കാരനാണ് ഈ വ്യക്തിയെന്നായിരുന്നു സാഗരികയുടെ പ്രതികരണം. ബംഗാളിനെക്കുറിച്ച് തീരെ അറിവില്ലാത്ത, അസഭ്യം പറയുന്ന, ടാഗോറിന്റെ പേരുപോലും മര്യാദക്ക് വിളിക്കാൻ അറിയാത്തതുമായ ഇയാൾക്ക് കൊൽക്കത്തയിലേക്ക് അതിക്രമിച്ചു കയറാൻ എത്ര ധൈര്യമുണ്ടെന്നും അവർ ചോദിച്ചു. മുങ്ങിക്കൊണ്ടിരിക്കുന്ന മോദി സർക്കാരിന്റെ പരാജയപ്പെട്ട ആഭ്യന്തരമന്ത്രി എന്നും സാഗരിക ഘോഷ് അമിത് ഷായെ വിമർശിച്ച് എക്സിൽ കുറിച്ചു.
ഷാ യുടെ പരാമർശത്തെ ബംഗാൾ വിരുദ്ധം എന്നാണ് തൃണമൂൽ കോൺഗ്രസ് വിശേഷിപ്പിച്ചത്. ‘കൊൽക്കത്തയെ പല പേരുകളിലും വിളിച്ചിട്ടുണ്ട്. സന്തോഷത്തിന്റെ നഗരം, ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം, കിഴക്കൻ ഇന്ത്യയുടെ കവാടം, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം. ഇന്ന് ആ പട്ടികയിൽ അമിത് ഷാ തന്റെ സംഭാവന നൽകി. കൊൽക്കത്തയെ ചേരികളുടെ നഗരം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഈ നഗരം നിർമിച്ചതും നിലനിർത്തിയതുമായ ആളുകൾ അവഹേളനം മാത്രം അർഹിക്കുന്ന ചേരി നിവാസികളാണ്. ബി.ജെ.പി ബംഗാളിനെ കാണുന്നത് ഇങ്ങനെയാണ്. അവർ എപ്പോഴെങ്കിലും ഇവിടെ കാലുറപ്പിച്ചാൽ ബംഗാളിനെ ഇങ്ങനെയായിരിക്കും പരിഗണിക്കുക. ഈ ബംഗാൾ വിരുദ്ധ ജമീന്ദാറുകളെ അകത്തേക്ക് വരാൻ അനുവദിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് ചിന്തിക്കാൻ കഴിയുമോ?’ -എന്നാണ് അമിത് ഷായുടെ വിഡിയോ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.