ബംഗാളിൽ സംവരണം നൽകിയത് നുഴഞ്ഞുകയറ്റക്കാരായ മുസ്‌ലിംകൾക്ക്; ദലിതർക്കും ആദിവാസികൾക്കുമുള്ള സംവരണം ആർക്കും തട്ടിയെടുക്കാനാകില്ല - മോദി

ഭിവാനി (ഹരിയാന): നുഴഞ്ഞുകയറ്റക്കാരായ മുസ്‌ലിംകൾക്കാണ് ബംഗാളിൽ സംവരണം നൽകിയതെന്നും മുസ്‌ലിം പ്രീണനമാണ് ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ സ്വീകരിക്കുന്ന നയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ജീവിച്ചിരിക്കുന്ന കാലത്തോളം ദലിതർക്കും ആദിവാസികൾക്കുമുള്ള സംവരണം ആർക്കും തട്ടിയെടുക്കാനാകില്ലെന്നും ഹരിയാനയിലെ ഭിവാനിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ 2010നു ശേഷമുള്ള അഞ്ചുലക്ഷത്തോളം ഒ.ബി.സി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

“പശ്ചിമ ബംഗാളിൽ, നുഴഞ്ഞുകയറ്റക്കാരായ മുസ്‌ലിംകൾക്ക് അവർ ഒ.ബി.സി സർട്ടിഫിക്കറ്റു നൽകി. കഴിഞ്ഞ 10-12 വർഷമായി അത്തരത്തിൽ നൽകിയ സർട്ടിഫിക്കറ്റുകൾ ഹൈകോടതി റദ്ദാക്കിയിരിക്കുന്നു. കോടതിയുടെ തീരുമാനത്തെ അംഗീകരിക്കില്ലെന്ന നിലപാടാണ് ബംഗാൾ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലിംകൾക്ക് ഒ.ബി.സി സംവരണം നൽകുമെന്നാണ് അവർ പറയുന്നത്. ഇതാണ് ഇൻഡ്യ സഖ്യത്തിന്റെ മനോഭാവം. കോൺഗ്രസും, തൃണമൂൽ കോൺഗ്രസും ഇൻഡ്യ സഖ്യത്തിലെ മറ്റു പാർട്ടികളും അവരുടെ വോട്ടു ബാങ്ക് രാഷ്ട്രീയമാണ് നടപ്പാക്കുന്നത്. എന്നാൽ മോദി ജീവിച്ചിരിക്കുമ്പോൾ ദലിതർക്കും ആദിവാസികൾക്കുമുള്ള സംവരണം ആർക്കും തട്ടിയെടുക്കാനാവില്ലെന്ന് ഞാൻ ഉറപ്പു നൽകുകയാണ്. പാവപ്പെട്ടവരുടെ അവകാശ സംരക്ഷകനാണ് മോദി. ഇത് വെറും രാഷ്ട്രീയ പ്രസംഗമല്ല, മോദിയുടെ ഗ്യാരന്റിയാണ്” -പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ ജോലികളിലെ നിയമനത്തിന് പശ്ചിമ ബംഗാളിൽ 2011 മുതൽ അനുവദിച്ച ഒ.ബി.സി സർട്ടിഫിക്കറ്റുകളാണ് കൊൽക്കത്ത ഹൈകോടതി റദ്ദാക്കിയത്. 2012ലെ പശ്ചിമ ബംഗാൾ പിന്നാക്കവിഭാഗ നിയമപ്രകാരം വിവിധ വിഭാഗങ്ങൾക്ക് ഒ.ബി.സി പദവി അനുവദിച്ചതിനെതിരായ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഈ വിഭാഗങ്ങൾക്ക് ഒ.ബി.സി പദവി നൽകിയത് നിയമവിരുദ്ധമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. അഞ്ച് ലക്ഷത്തോളം സർട്ടിഫിക്കറ്റുകളാണ് ഹൈകോടതി ഉത്തരവിലൂടെ റദ്ദായത്. എന്നാൽ, 2012ലെ നിയമപ്രകാരം സംവരണാനുകൂല്യം ലഭിച്ചവർക്കും നിയമനപ്രക്രിയയിൽ വിജയിച്ചവർക്കും ഉത്തരവ് ബാധകമല്ല.

Tags:    
News Summary - "Till Modi is alive, no one can snatch reservation for Dalits, tribals": PM Modi in Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.