കർണാടകയിലെ തിബത്തൻ അഭയാർഥികൾ നാളെ വോട്ട് ചെയ്യില്ല

മംഗളൂരു: കേന്ദ്രസർക്കാർ ഇന്ത്യൻ പൗരത്വവും കർണാടക സർക്കാർ ഭൂമി അവകാശവും നൽകാൻ സന്നദ്ധമായിട്ടും ബൈലെകുപ്പ തിബത്തൻ കോളനിയിലെ അഭയാർഥികൾ നാളെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പു ബൂത്തുകളിൽ നിന്ന് വഴിമാറി നടക്കും.11037 അഭയാർഥികളിൽ ആരും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനായി അധികൃതരെ സമീപിച്ചിട്ടില്ല. 2014ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ഇവർക്ക് പൗരത്വം സ്വീകരിച്ച് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവാം.

മൈസൂരു ജില്ലയിലെ ബൈലെകുപ്പയും  ഗുരുപുരയും ചേർന്നാൽ അഭയാർഥികളുടെ എണ്ണം 17500. പൗരത്വം തേടി ഒറ്റ അപേക്ഷയും ലഭിച്ചില്ലെന്ന് മേഖലയിലെ മുഴുവൻ കോളനികളുടേയും റവന്യൂ ആസ്ഥാനമായ പെരിയപട്ടണം താലൂക്ക് അധികൃതർ പറഞ്ഞു. പൗരത്വമില്ലാതെ പിന്നെന്ത് വോട്ടവകാശം?

പൗരത്വനിരാകരണത്തിന് പ്രധാനമായി മൂന്ന് കാരണങ്ങളാണെന്ന് തിബത്തൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. രേഖകൾ ഹാജരാക്കാനുള്ള കടമ്പകൾ, പൗരന്മാരും അല്ലാത്തവരുമായി വേർപെട്ട് കോളനിയിലെ സൗകര്യങ്ങളിൽ നിന്ന് ഒരുകൂട്ടർ പിരിഞ്ഞുപോവേണ്ടിവരുന്ന അവസ്ഥ, ആത്യന്തികമായി ലക്ഷ്യമിടുന്ന തിബത്തിന് സ്വാതന്ത്ര്യം എന്ന ഏകതാബോധം കൈവിട്ടുപോവുമെന്ന ആശങ്ക-ഇതാണ് പ്രശ്നം.

അഭയാർഥികളായി 1959ൽ ഇന്ത്യയിലെത്തിയ തിബത്തൻ വംശജർ 1961ൽ കർണാടകയിലെ നിജലിംഗപ്പ സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിലാണ് താമസിക്കുന്നത്. ചോളവും മറ്റും കൃഷിചെയ്തും കരകൗശലവസ്തുനിർമ്മാണത്തിൽ ഏർപ്പെട്ടും പുതപ്പുകൾ വിറ്റും അവർ ജീവിക്കുന്നു. പിൻതലമുറ കർണാടകയുടെ ഭാഗമായി തൊഴിലും തേടുന്നു.ആരോഗ്യ,വിദ്യാഭ്യാസ,അടിസ്ഥാനസൗകര്യങ്ങൾ പരിമിതമെങ്കിലും അഭയാർഥികൾ അനുഭവിക്കുന്നു.

ഹിമാചൽ പ്രദേശിന്റെ ചുവടുപിടിച്ച് സിദ്ധാരാമയ്യ സർക്കാർ 2014ൽ കൊണ്ടുവന്ന തിബത്തൻ അഭയാർത്ഥി നിയമ ഭേദഗതിയോടെ ബൈലെകുപ്പ കോളനി നിവാസികളും ഭൂഅവകാശികളാണ്. ക്രയവിക്രയം നടത്താനോ പണയം വെക്കാനോ പാടില്ലെന്ന നിബന്ധനയോടെ കൈവശഭൂമി പതിച്ചുനൽകി. ഇരട്ട സന്തോഷത്തോടെ അവർ പോളിംഗ്ബൂത്തുകളിലെത്തുമെന്ന പ്രതീക്ഷ പുലരാതെയാണ് നാളെ പ്രഭാതം ഉദിക്കുന്നത്.

Tags:    
News Summary - Tibetan refugees in Karnataka can vote in 2018 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.