ന്യൂഡൽഹി: കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഡിസംബർ ഒൻപതിനാണ് കുട്ടി കുഴൽക്കിണറിൽ വീണത്. പൈലിങ് റിഗ് മെഷീൻ ഉപയോഗിച്ച് കുഴൽക്കിണറിന് സമീപം 150 അടി താഴ്ചയുള്ള തുരങ്കം കുഴിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
തിങ്കളാഴ്ച വൈകുന്നേരം കലിഖാഡ് ഗ്രാമത്തിലെ ഫാമിൽ കളിക്കുന്നതിനിടെയാണ് കുട്ടി തുറന്ന കുഴൽക്കിണറിൽ വീണത്. രക്ഷാപ്രവർത്തനം വൈകുന്നേരം നാല് മണിയോടെയാണ് ആരംഭിച്ചത്. നിരവധി മണ്ണുമാന്തി യന്ത്രങ്ങളും ട്രാക്ടറുകളും കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സിവിൽ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തിയിട്ടുണ്ട്. പൈപ്പ് വഴിയാണ് കുട്ടിക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്നതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി.
രാജസ്ഥാൻ മന്ത്രിയും ബി.ജെ.പി നേതാവുമായ കിരോഡി ലാൽ മീണ സംഭവസ്ഥലത്തെത്തി കാര്യങ്ങൾ വിശകലനം നടത്തിയിരുന്നു. 'ഇത്തരം സംഭവങ്ങൾ രാജ്യത്തുടനീളം നടക്കുന്നു. സർക്കാറിൽ നിന്ന് നിർദേശമുണ്ടെങ്കിലും നിയമസംവിധാനങ്ങളില്ല. കുഴൽക്കിണറുകൾ മൂടുന്നത് സംബന്ധിച്ച് നിയമം ഉണ്ടാക്കണമെന്നും' കിരോഡി ലാൽ മീണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.