പ്രതിപക്ഷത്തെ ഒരുമിപ്പിക്കാൻ വോട്ടർമാരെ കൊണ്ട് സാധിക്കാത്തത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സാധിച്ചുവെന്ന് ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടും അവർ ഒന്നിച്ചില്ല, എന്നാൽ അഴിമതിക്കേസിൽ എല്ലാവരെയും ഇ.ഡി തേടിയെത്തിയപ്പോൾ അവർ ഐക്യപ്പെട്ടു. -എന്നാണ് ഫെബ്രുവരി എട്ടിന് മോദി പാർലമെന്റിൽ പറഞ്ഞത്.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നേതാക്കൾക്കെതിരെ കേന്ദ്രസർക്കാർ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആക്ഷേപം. ആർ.ജെ.ഡി നേതാവ് ലാലുവും കുടുംബവും, ബി.ആർ.എസ് നേതാവ് കെ ചന്ദ്രശേഖറാവുവിന്റെ മകൾ കവിതയും കേന്ദ്രസർക്കാരിന്റെ നോട്ടപ്പുള്ളികളാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് അടുത്തിടെ പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാക്കൾ ഒപ്പുവെച്ച കത്ത് അയച്ചിരുന്നു. മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മാൻ, കെ. ചന്ദ്രശേഖര റാവു, ഫാറൂഖ് അബ്ദുല്ല, ശരദ്പവാർ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ എന്നിവർ കത്തിൽ ഒപ്പുവെച്ചു. അതേസമയം, അടുത്ത തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കുന്ന ജെ.ഡി.യുവിന്റെ നിതീഷ് കുമാർ കത്തിൽ ഒപ്പുവെച്ചില്ല. അതുമാത്രമല്ല, കോൺഗ്രസിൽ നിന്നുള്ള ഒരാൾ പോലും കത്തിൽ ഒപ്പിട്ടില്ല എന്നതാണ് യാഥാർഥ്യം. നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തപോൾ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
അതേസമയം, ബി.ജെ.പിക്കെതിരെ നിൽക്കുന്ന ടി.എം.സി, എ.എ.പി എന്നിവക്ക് ഒപ്പം ചേരാൻ കോൺഗ്രസ് തയാറല്ല. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം സഖ്യത്തിനില്ല എന്ന സൂചനയാണ് അമേത്തിയിൽ എസ്.പി മത്സരിക്കുമെന്ന പ്രഖ്യാപനത്തിലൂടെ അഖിലേഷ് യാദവ് നൽകിയിരിക്കുന്നത്. കോൺഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന ഈ മണ്ഡലം ഇപ്പോൾ ബി.ജെ.പിയുടെ കൈയിലാണ്. 2019ൽ സ്മൃതി ഇറാനിയാണ് അമേത്തിയിൽ രാഹുലിനെ തറപറ്റിച്ചത്. കോൺഗ്രസുമായി സഖ്യത്തിനില്ലെന്നാണ് എ.എ.പിയും ടി.എം.സിയും പറയുന്നത്.
ബി.ജെ.പിയെ നേരിടാൻ മൂന്നാംമുന്നണിക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. 1989ലാണ് വി.പി. സിങ്ങിന്റെ കാലത്ത് ആദ്യമായി മൂന്നാംമുന്നണി രൂപീകരിച്ചത്. എന്നിട്ടും ഭരിക്കാനായി അദ്ദേഹത്തിന് ബി.ജെ.പിയുടെ പിന്തുണ തേടേണ്ടി വന്നു. ബി.ജെ.പി പിന്തുണ പിൻവലിച്ചപ്പോൾ വി.പി സിങ്ങിന് അധികാരം നഷ്ടമായി. പിന്നീട് വന്ന ചന്ദ്രശേഖറിന് പ്രധാനമന്ത്രിയാകാൻ കോൺഗ്രസിന്റെ പിന്തുണ വേണ്ടി വന്നു. കോൺഗ്രസ് കാലുവാരിയപ്പോൾ ആ സർക്കാരും വീണു. തൊണ്ണൂറുകളിൽ രണ്ടു, മൂന്നു മൂന്നാംമുന്നണികൾ കൂടി രൂപീകരിക്കുകയുണ്ടായി. എച്ച്.ഡി. ദേവഗൗഡയുടെയും ഐ.കെ. ഗുജ്റാളിന്റെയും നേതൃത്വത്തിലായിരുന്നു അത്. കോൺഗ്രസ് പിന്തുണ പിൻവലിച്ചപ്പോൾ ആ സർക്കാരുകളും വീണു.
ഏറ്റവും അടുത്ത് മൂന്നാംമുന്നണിയെ കുറിച്ച് ചർച്ചയുണ്ടാകുന്നത് 2018ലാണ്. കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ. അതേസമയം, മൂന്നാംമുന്നണിയുണ്ടായാൽ അത് ബി.ജെ.പിയെ കൂടുതൽ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്ന വാദമാണ് ഡി.എം.കെയുടെ എം.കെ. സ്റ്റാലിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.