'അവർ രണ്ട് ദിവസം കഠിനാധ്വാനം ചെയ്തു'; കള്ളൻമാർ പാലം പൊളിച്ചുകടത്തിയതെങ്ങനെയെന്നറിയാം

60 അടി നീളമുള്ള ഇരുമ്പ് പാലം പൊളിച്ച് കഷണങ്ങളായി വിറ്റഴിച്ച സംഘത്തിലെ കുറച്ച​ുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ പാലം കട്ടെടുത്ത് വിറ്റത് എങ്ങനെയെന്നറിഞ്ഞാൽ ആളുകൾ മൂക്കിൽ വിരൽവെക്കും. ബീഹാറിലെ ജലസേചന വകുപ്പുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് കവർച്ചക്കാർ, സംസ്ഥാന തലസ്ഥാനമായ പട്‌നയിൽ നിന്ന് 150 കിലോമീറ്റർ തെക്ക് അമിയാവാർ ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട പാലം തകർക്കാൻ ഗ്യാസ് കട്ടറുകളും മണ്ണുമാന്തി യന്ത്രങ്ങളും ആയി എത്തിയത്.

മെറ്റൽ സ്ക്രാപ്പ് വിൽക്കുന്നത് ഇന്ത്യയിൽ ലാഭകരമായ ഒരു ബിസിനസ്സാണ് ബിഹാറിൽ ഇങ്ങനെ പൊതുമുതൽ മോഷ്ടിച്ച് പണത്തിനായി വിൽക്കുന്നത് സാധാരണമാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് കനാലിന് മുകളിൽ നിർമ്മിച്ച പഴയ പാലം ഉപയോഗത്തിലില്ലാത്തതിനാൽ പൊളിച്ചുമാറ്റാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായി അമിയവാർ നിവാസികൾ പറഞ്ഞു. പാലം പൊളിക്കുന്നതിന് ഗ്രാമവാസികൾ ജലസേചന വകുപ്പിന് നേരത്തെ അപേക്ഷ നൽകിയിരുന്നതായി ഒരു താമസക്കാരൻ പറഞ്ഞു.

ഭാരമേറിയ യന്ത്രസാമഗ്രികളും ഗ്യാസ് കട്ടറുകളുമായാണ് ആളുകൾ വന്ന് പാലം പൊളിക്കാൻ പകൽസമയത്ത് രണ്ട് ദിവസം പണിയെടുത്തതെന്ന് ഗ്രാമവാസിയായ ഗാന്ധി ചൗധരി (29) പറഞ്ഞു. പ്രദേശവാസികൾ ജോലി ചെയ്യുന്നവരോട് അവരുടെ ഐഡന്റിറ്റിയെക്കുറിച്ച് ചോദിച്ചപ്പോൾ പാലം പൊളിക്കാൻ ജലസേചന വകുപ്പാണ് തങ്ങളെ നിയോഗിച്ചതെന്ന് അവർ പറഞ്ഞു. രണ്ട് ദിവസം പണിയെടുത്ത് മെറ്റൽ സ്ക്രാപ്പുകൾ വാഹനത്തിൽ കയറ്റി ഇവർ സ്ഥലം കാലിയാക്കി.

"സംഘത്തിലെ ചില അംഗങ്ങളെ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലരെ ഇനിയും കണ്ടെത്താനുണ്ട്. അവർ പൊതുമുതൽ നശിപ്പിക്കുകയും ഒരു പാലം മോഷ്ടിക്കുകയും ചെയ്തു" -കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ സുബാഷ് കുമാർ പറഞ്ഞു.

അതേസമയം, റോഹ്താസ് ജില്ലയിലെ 60 അടിനീളമുള്ള ഇരുമ്പ് പാലം മോഷ്ടിച്ചതിന് ജലവിഭവ വകുപ്പിലെ സബ് ഡിവിഷണൽ ഓഫീസർ ഉൾപ്പെടെ എട്ട് പേരെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ പക്കൽ നിന്ന് ഇരുമ്പ് പാലത്തിൽ നിന്ന് മോഷ്ടിച്ച 247 കിലോഗ്രാം ഭാരമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ജലവിഭവ വകുപ്പിലെ സർക്കാർ ഉദ്യോഗസ്ഥന്‍റെ ഒത്താശയോടെയാണ് പ്രതികൾ പാലം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ജെ.സി.ബി, പിക്കപ്പ് വാനുകൾ, ഗ്യാസ് കട്ടറുകൾ, വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് കൃത്യമായ ആസൂത്രണത്തിലൂടെ മോഷ്ടാക്കൾ മൂന്ന് ദിവസത്തിനുള്ളിൽ പാലം പൊളിച്ചുമാറ്റിയതായി പൊലീസ് കൂട്ടിച്ചേർത്തു.

ഗ്രാമവാസികളുടെ മുന്നിൽ സർക്കാർ ജീവനക്കാരാണെന്ന് തെറ്റുദ്ധരിപ്പിച്ചാണ് ഇവർ പൊളിച്ചുമാറ്റൽ നടത്തിയത്. കനാലിന്‍റെ മുകളിലുള്ള ഉപയോഗശൂന്യമായ ഇരുമ്പു പാലം പൊളിച്ചുമാറ്റണമെന്ന് നേരത്തെ തന്നെ പ്രദേശവാസികൾ അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. അതുകൊണ്ടു തന്നെ തങ്ങളുടെ ആവശ്യപ്രകാരം എത്തിയ സർക്കാർ ജീവനക്കാരാണ് കള്ളമാരെന്ന് ഇവരും തെറ്റിദ്ധരിച്ചു.

Tags:    
News Summary - "They Worked For 2 Days": How Thieves Dismantled, Stole Bridge In Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.