തിരുവനന്തപുരം: എഫ്.സി.ആർ.എ നിയമ ഭേദഗതി ബില്ലിൽ ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ടെന്നും വിഷയത്തിൽ പുനഃപരിശോധന വേണമെന്നും കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ. അധികാരം ദുർവിനിയോഗം ചെയ്യപ്പെടാമെന്നും ഏകാധിപത്യപരമായ അധികാരം നൽകുന്നതാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിസ്സാര കുറവുകളുടെ പേരിൽ ലൈസൻസ് റദ്ദാക്കപ്പെടുകയാണ്. പുതിയ ബിൽ കൂടിയാകുമ്പോൾ നിലനിൽപ്പ് ദുഷ്‍കരമാണ്. യഥാർഥ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനകളെ ഇത് ബാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ, നിർബന്ധിത മതപരിവർത്തനം ചെയ്യുന്നവരെ ലക്ഷ്യമിടുമെന്ന് അഭ്യന്തര സഹമന്ത്രിതന്നെ പറയുന്നു. ക്രൈസ്തവ സ്ഥാപനങ്ങളെ കണ്ടുകെട്ടാനും നിരോധിക്കാനും അധികാരം നൽകുന്ന ബില്ലാണിതെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
നിലവിലെ നിയമങ്ങൾ കർശനമാണ്. അതുപ്രകാരം 10,000ലേറെ എൻ.ജി.ഒകളുടെ ലൈസൻസ് റദ്ദാക്കപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ എം.പിമാർ പാർലമെന്‍റിൽ ഇല്ല. ഈ സമയത്തെ ബിൽ അവതരണത്തിന്‍റെ ഔചിത്യം ചോദ്യം ചെയ്യപ്പെടുകയാണ്. ന്യൂനപക്ഷ കമീഷനിൽ നിലവിൽ ക്രൈസ്തവ പ്രാതിനിധ്യമില്ല. ന്യൂനപക്ഷ സംരക്ഷണം ഭരണഘടന ഉറപ്പ് നൽകുന്നതാണ്. വിശുദ്ധവാരം ക്രൈസ്തവർക്ക് പ്രധാനപ്പെട്ടതാണ്. എന്നാൽ, ഇത് പരിഗണിക്കാതെ പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ അധ്യാപകർക്ക് തെരഞ്ഞെടുപ്പ് പരിശീലനം നൽകുന്നു. ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നു. സുരേഷ് ഗോപിയുടെ നിർദേശപ്രകാരം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇത്തരം കാര്യങ്ങൾ വരുമ്പോൾ സ്വഭാവികമായും ക്രൈസ്തവർക്കിടയിൽ അസ്വസ്ഥതയുണ്ടാകുമെന്നും പടിപടിയായുള്ള ഇത്തരം നടപടികൾ അസ്വസ്ഥതയുണ്ടാക്കുകയാണെന്നും കാതോലിക്കബാവ പറഞ്ഞു.
വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബില്ലിലെ പുതിയ വ്യവസ്ഥകൾ ചാരിറ്റബ്ൾ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ തകർക്കുമെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സി.ബി.സി.ഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ് അനിൽ കൂട്ടോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും എം.പിമാർക്കും കത്തയച്ചു.
വർഷങ്ങളായി പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി രാജ്യത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നത് ദശലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുമെന്ന് കത്തിൽ ഓർമിപ്പിച്ചു. ബിൽ കൂടുതൽ പഠനത്തിനായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണം. ചെറിയ വീഴ്ചകളുടെ പേരിൽ ആസ്തികൾ കണ്ടുകെട്ടുന്നത് ഒഴിവാക്കി നീതിപൂർവമായ നടപടിക്രമങ്ങൾ ഉറപ്പാക്കണം. ഭരണപരമായ തീരുമാനങ്ങൾക്കെതിരെ പരാതി നൽകാൻ സ്വതന്ത്രമായ അപ്പലേറ്റ് അതോറിറ്റി സ്ഥാപിക്കണം. വിദ്യാഭ്യാസ, ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം സംരക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
സി.ബി.സി.ഐ ഉയർത്തിയ ആശങ്കൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.