ഭാര്യയെ കൊന്ന മുൻ ആർമി ഉദ്യോഗസ്ഥൻ നാലുവർഷങ്ങൾക്ക് ശേഷം പിടിയിൽ; കണ്ടെത്താൻ സഹായിച്ചത് എൽ.പി.ജി ബുക്കിങ്

ഭോപാൽ: ഭാര്യയെ ​കൊന്നതിന് ജീവപര്യന്തം വിധിച്ചതിന് പിന്നാലെ ഒളിവിൽപോയ മുൻ ആർമി ഉദ്യോഗസ്ഥൻ നാലുവർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. മുൻ ആർമി ക്യാപ്റ്റർ സന്ദീപ് തോമറിനെയാണ് പഞ്ചാബ് ​പൊലീസ് അറസ്റ്റ് ചെയ്തത്. പാചക വാതക സിലിണ്ടർ ബുക്കിങ്ങാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചതെന്ന് പൊലീസ് പറയുന്നു.

കൊലക്കുറ്റത്തിന് പഞ്ചാബ് -ഹരിയാന ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് മുതൽ തോമർ ഒളിവിലായിരുന്നു. പാന്ധുർണ ജില്ലയിൽ എൽ.പി.ജി സിലിണ്ടർ ബുക്ക് ചെയ്യുന്നതിനായി പണമിടപാട് നടത്തിയതിന് പിന്നാലെയാണ് ഇയാൾ ​അറസ്റ്റിലായത്.

തോമറിന്റെ ഭാര്യാപിതാവ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് മുതിർന്ന ​പൊലീസ് ഉദ്യോഗസ്ഥനായ അശ്വന്ത് സിങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. നാഷനൽ ഇന്റലിജൻസ് ഗ്രിഡുമായി സഹായിച്ച് തോമറിന്റെ യഥാർഥ പാൻ കാർഡ് പൊലീസ് കണ്ടെത്തി. ഇതിലൂടെ തോമറിന്റെ ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ടും പൊലീസ് കണ്ടെത്തുകയായിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ചതോടെ ഒരു സ്വകാര്യ കമ്പനിയിൽനിന്ന് മാസ​ശമ്പളം കൈപ്പറ്റുന്നതായി ​പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന്, ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ ​പൊലീസിന് കഴിഞ്ഞില്ല. ഇതോടെ ബാങ്ക് സ്റ്റേറ്റ്മെന്റിലെ എൽ.പി.ജി ബുക്കിങ്ങുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്തുകയായിരുന്നു. എൽ.പി.ജി സിലിണ്ടർ വിതരണം ചെയ്ത വീട് കണ്ടെത്തുകയും അവിടെനിന്ന് തോമറി​​നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

2014ലാണ് കേസിന് ആസ്പദമായ സംഭവം. ഭാര്യ ശ്വേതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയുമായിരുന്നു. അ​ന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. കുറ്റകൃത്യം തെളിഞ്ഞതോടെ ഇയാളെ ആർമിയിൽനിന്ന് പുറത്താക്കി. 2019ൽ ജാമ്യം ലഭിച്ച ശേഷം 2022ൽശിക്ഷ ശരിവെച്ചതിനെ തുടർന്ന് ഇയാൾ മുങ്ങുകയായിരുന്നു. 

Tags:    
News Summary - LPG booking leads police to ex Army captain in wifes murder after 4 year hunt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.