കൊച്ചി: ശമ്പളക്കാരായ ജീവനക്കാർക്ക് തിരിച്ചടിയും നേട്ടവുമായി ആദായനികുതി നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരുന്നു. കമ്പനി നൽകുന്ന ആനുകൂല്യങ്ങളുടെ നികുതി കണക്കാക്കുന്ന രീതിയിൽ സർക്കാർ വരുത്തിയ സമഗ്രമായ അഴിച്ചുപണിയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കൊപ്പം വ്യക്തിപരമായ ആവശ്യങ്ങൾക്കും കമ്പനിയുടെ വലിയ കാറുകൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ നികുതി നൽകേണ്ടിവരും. നിലവിൽ പ്രതിമാസം 2,400 രൂപയായിരുന്ന നികുതി 7,000 രൂപയായാണ് ഉയർത്തിയത്. കാറിനൊപ്പം ഡ്രൈവറെയും കമ്പനി നൽകുന്നുണ്ടെങ്കിൽ നികുതി 900 രൂപയിൽനിന്ന് 3,000 രൂപയായും വർധിക്കും. ഈ മാറ്റം വഴി ഉയർന്ന ഉദ്യോഗസ്ഥരുടെ വാർഷിക നികുതി വിധേയ വരുമാനത്തിൽ ഏകദേശം 1.2 ലക്ഷം രൂപയുടെ വരെ വർധനയുണ്ടായേക്കും.
അതേസമയം സോഡെക്‌സോ പോലുള്ള ഭക്ഷണ വൗച്ചറുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ നിയമം വലിയ ആശ്വാസമാണ് നൽകുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനുള്ള നികുതിയിളവ് പരിധി 50 രൂപയിൽനിന്ന് 200 രൂപയായി വർധിപ്പിച്ചു. ദിവസവും രണ്ട് നേരത്തെ ഭക്ഷണ വൗച്ചറുകൾ കൈപ്പറ്റുന്ന ഒരാൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപയിലധികം തുക നികുതിരഹിത ആനുകൂല്യമായി ലഭിക്കും. കമ്പനികളിൽനിന്ന് ലഭിക്കുന്ന സമ്മാനങ്ങൾക്കും വൗച്ചറുകൾക്കുമുള്ള വാർഷിക നികുതിയിളവ് പരിധി 5,000 രൂപയിൽനിന്ന് 15,000 രൂപയായും ഉയർത്തിയിട്ടുണ്ട്.
ഇതിനോടൊപ്പം കമ്പനിയിൽനിന്ന് പലിശയില്ലാതെ വായ്പ എടുക്കുന്നവർക്കും പുതിയ നിയമം ഗുണകരമാകും. നേരത്തെ 20,000 രൂപയായിരുന്ന പലിശരഹിത വായ്പാ പരിധി രണ്ട് ലക്ഷം രൂപയായാണ് ഉയർത്തിയത്. അതായത്, കമ്പനിയിൽനിന്ന് രണ്ട് ലക്ഷം രൂപ വരെ പലിശയില്ലാതെ അഡ്വാൻസ് വാങ്ങുന്നവർക്ക് അതിന് നികുതി നൽകേണ്ടതില്ല. പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കാനാണ് സർക്കാർ ഇത്തരമൊരു നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഔദ്യോഗിക ആനുകൂല്യങ്ങൾ ഉപയോഗിക്കുന്നവർ പുതിയ നികുതി ഘടന കൃത്യമായി മനസ്സിലാക്കി സാമ്പത്തിക ആസൂത്രണം നടത്തണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.