കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിബന്ധനകൾ ജീവകാരുണ്യ മേഖലക്കും കടുത്ത വെല്ലുവിളി. പതിറ്റാണ്ടുകളായി സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവർക്ക് ആശ്വാസമായിരുന്ന പല പദ്ധതികളും പ്രതിസന്ധിയിലാകുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ആശങ്കപ്പെടുന്നു. വിദേശ മലയാളികളിൽ നിന്നും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളിൽ നിന്നും ലഭിച്ചിരുന്ന സാമ്പത്തിക സഹായം നിലക്കുന്നതോടെ അത്യാധുനിക ചികിത്സ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ നൽകിയിരുന്ന മിഷൻ ആശുപത്രികൾക്ക് മരുന്നുകൾ വാങ്ങാനോ ഉപകരണങ്ങൾ പരിപാലിക്കാനോ കഴിയാത്ത സാഹചര്യമാകും. രാജ്യത്തെ വിദൂര ഗ്രാമങ്ങളിലും ഗോത്രവർഗ മേഖലകളിലും സൗജന്യ വിദ്യാഭ്യാസം നൽകിയിരുന്ന വിദ്യാലയങ്ങൾ ശമ്പളം നൽകാൻ പോലും പണമില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, കുഷ്ഠരോഗ നിവാരണ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ദൈനംദിന നടത്തിപ്പിനും പ്രതിസന്ധിയുണ്ട്.
പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന സാമൂഹിക സുരക്ഷ കവചം ഇല്ലാതാകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ മാനുഷിക വികസന സൂചികകളെ പിന്നോട്ടടിപ്പിക്കുമെന്ന് സീറോ മലബാർ സഭ മുൻ അൽമായ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി പറഞ്ഞു. മിഷനറി സേവന മേഖലയിൽ പോലും ആഘാതമുണ്ടാവുമെന്നാണ് ക്രൈസ്തവ സഭകളുടെ ആശങ്ക. ആരോഗ്യ മേഖലയിലാണ് അവർ ഏറ്റവും ഗുരുതര പ്രതിസന്ധി മുന്നിൽ കാണുന്നത്. ഉൾനാടൻ ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും മിഷൻ ആശുപത്രികൾ വലിയ ആശ്വാസമായിരുന്നു. വിദേശ ഫണ്ടുകൾ നിലച്ചതോടെ പല ആശുപത്രികൾക്കും അത്യാധുനിക ഉപകരണങ്ങൾ വാങ്ങാനോ മരുന്നുകൾ സ്റ്റോക്ക് ചെയ്യാനോ കഴിയുന്നില്ല. സൗജന്യ നിരക്കിലോ കുറഞ്ഞ നിരക്കിലോ ചികിത്സ നൽകിയിരുന്ന സ്ഥാപനങ്ങൾ ദൈനംദിന ചിലവുകൾക്ക് പോലും ബുദ്ധിമുട്ടുകയാണ്. പാവപ്പെട്ട രോഗികളെയാണ് ഇത് കടുത്ത ദുരിതത്തിലാക്കുന്നത്. വിദേശ മലയാളികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ലഭിച്ചിരുന്ന സ്പോൺസർഷിപ്പുകൾ തടയപ്പെട്ടത് ദലിത്, ഗോത്രവർഗ കുട്ടികളുടെ പഠനത്തിനും ഭീഷണിയാണ്. അഗതി മന്ദിരങ്ങൾ, കുഷ്ഠരോഗ നിവാരണ കേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ യൂനിറ്റുകൾ എന്നിവയുടെ പ്രവർത്തനം സുഗമമായി കൊണ്ടുപോകുന്നതിനും ഫണ്ട് ദൗർലഭ്യം വെല്ലുവിളിയാണ്.
കേന്ദ്രസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ച എഫ്.സി.ആർ.എ ഭേദഗതി ബില്ലും നിർദിഷ്ട ക്രിസ്ത്യൻ ലോ ബോർഡും പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാണെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി. രാജ്യദ്രോഹ പ്രവർത്തനങ്ങൾ തടയാനാണ് എന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.
അങ്ങനെയാണെങ്കിൽ ക്രൈസ്തവ മിഷനറിമാർ നടത്തുന്ന നൂറുകണക്കിന് സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകാതെ തടഞ്ഞുവെച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ബി.ജെ.പി വ്യക്തമാക്കണം. എന്ത് രാജ്യദ്രോഹ പ്രവർത്തനമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന ക്രൈസ്തവ മിഷനറിമാർ ചെയ്തത്. ക്രൈസ്തവ മിഷനറിമാർ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളെ തടയുക എന്ന ലക്ഷ്യമാണ് ഈ നീക്കങ്ങളുടെയെല്ലാം പിന്നിലുള്ളത്. ക്രൈസ്തവ സഭകളുടെ മുകളിൽ ഉദ്യോഗസ്ഥ നിയന്ത്രണമേർപ്പെടുത്താനുള്ള ശ്രമങ്ങൾ അങ്ങേയറ്റം പ്രതിഷേധവും ഭരണഘടനാ വിരുദ്ധവുമാണ് -ജോസ് കെ. മാണി പറഞ്ഞു.
വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്.സി.ആർ.എ റദ്ദാകില്ലെന്നും പണം ദുരുപയോഗം ചെയ്താലാണ് റദ്ദാകുന്നതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ഭേദഗതി ക്രിസ്ത്യന്‍ സമുദായത്തെ ബാധിക്കുന്നതാണെന്ന പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഈ ബില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത് അതിന് മറവില്‍ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയാനാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എഫ്.സി.ആർ.എ പ്രകാരം പണം നിയമപരമായി ഉപയോഗിച്ചില്ലെങ്കില്‍ അത് റദ്ദാകും. റദ്ദായാല്‍ ആ പണം ഉപയോഗിച്ച് ഉണ്ടാക്കിയ ആസ്തികള്‍ കള്ളപ്പണം വെളുപ്പിച്ചതിന്‍റെ പരിധിയില്‍ വരും. ഇതാണ് നിയമം. ഇക്കാര്യത്തില്‍ ക്രൈസ്തവസഭകളുടെ ആശങ്ക ദൂരീകരിക്കും. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദവും തമ്മില്‍ ബന്ധമുണ്ട്. സഭകളും അമ്പലങ്ങളും മുസ്ലിം പള്ളികളും എഫ്.സി.ആർ.എ വഴി കൊണ്ടു വരുന്ന പണം നിയമപരമായാണ് ഉപയോഗിക്കുന്നത്. പിന്നെന്തിനാണ് ഇങ്ങനെ കള്ളപ്രചാരണമെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
എഫ്.സി.ആർ.എ ഭേദഗതി ബില്ലിലെ വിവാദ സെക്ഷനുകള്‍ നീക്കം ചെയ്യണമെന്നും എഫ്.സി.ആർ.എ ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങള്‍ പിടിച്ചെടുക്കാനുള്ള നിർദേശം അപലപനീയമാണെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി). അംഗസഭകള്‍ വിദേശത്തുനിന്ന് കൊണ്ടുവന്ന പണം അവിടെയുള്ള സഭാംഗങ്ങള്‍ നൽകുന്ന സംഭാവനകളാണ്. ഇത് സമൂഹത്തിലെ ജാതിമതഭേദമന്യേ അനാഥരെയും മറ്റും സംരക്ഷിക്കാനുള്ള സ്ഥാപനങ്ങള്‍ നിർമിക്കാനും പരിപാലിക്കാനുമാണ് പ്രധാനമായും ഉപയോഗിച്ചത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ പാലിച്ചാണ് സഭകള്‍ ഇവ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ വിവാദ ഭേദഗതി ബില്‍ ക്രൈസ്തവ സമൂഹത്തിന് ആശങ്കയുളവാക്കുന്നു. ഇക്കാര്യത്തിൽ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ ആശങ്കകള്‍ അറിയിച്ച് പ്രധാന മന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും കത്തയച്ചതായും പ്രസിഡന്‍റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറര്‍ റവ. ഡോ. ടി.ഐ. ജയിംസ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആര്‍.എ) കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ നിർദേശിച്ചിരിക്കുന്ന പുതിയ ഭേദഗതികൾ സുതാര്യമായി പ്രവർത്തിക്കുന്ന സന്നദ്ധ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്താത്ത രീതിയിലായിരിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന നിയന്ത്രണങ്ങൾ നിയമവിധേയമായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെയും ക്രൈസ്തവസഭകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും തകർക്കാൻ ഉദ്ദേശിച്ചുള്ളതാകരുത്. ഈ വിഷയത്തിൽ പ്രതികരിച്ച എല്ലാ ക്രൈസ്തവ സഭാധ്യക്ഷന്മാരുടെയും അഭിപ്രായങ്ങളോടു യോജിച്ചുകൊണ്ടു പ്രസ്തുത നിയമഭേദഗതിയുമായി ബന്ധപ്പെട്ടു ഉയർന്നു വന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്ന് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.